വെള്ളറട: രണ്ട് സ്വരങ്ങള്‍ കൊണ്ട് ഗാനം ചിട്ടപ്പെടുത്തിയ കാഞ്ഞിരംകുളം എഎസ്ഡി ഭവനില്‍ ഡോ. ആല്വിന് ജോസ് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സില്‍ ഇടം നേടി. സ, പ എന്നീ സ്വരങ്ങള്‍ മാത്രമുപയോഗിച്ച് ഗാനം ചിട്ടപ്പെടുത്തിയതാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
സംഗീത കുടുംബത്തില്‍ ജനിച്ച ആല്വിന് ജോസിന്റെ മാതാവ് പൊന്നു ഭാഗവതരും മുത്തച്ഛനും അറിയപ്പെടുന്ന കലാകാരായിരുന്നു. സംഗീത അധ്യാപികയായ മാതാവാണ് ആല്വിന് ജോസിന്റെ ഗുരു.
ദൂരദര്‍ശനിലും ആകാശവാണിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ആല്വിന് ജോസ് പ്രഫഷണല്‍ നാടകങ്ങള്‍ക്ക് വേണ്ടി ആയിരത്തോളം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 30 ഓളം ആല്‍ബങ്ങൾ പുറത്തിറക്കി.
നിരവധി ക്രിസ്തിയ, ഹിന്ദു ഭക്തി ഗാനങ്ങള്‍ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. 2003ല്‍ റീമേക്ക് ചെയ്ത പഴയ സിനിമയായ വിഗതകുമാരനിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്.
കൂടാതെ തെക്കന്‍ മാരാമണ്‍ എന്നറിയപ്പെടുന്ന കാഞ്ഞിരംകുളം കണ്‍വന്‍ഷനില്‍ 1980 മുതല്‍ 2010 വരെയുള്ള കാലഘട്ടത്ത് നിരവധിഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിരുന്നു.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത ചക്രവര്‍ത്തിയായ ഇളയരാജ മാത്രമാണ് സ, രി, ഗ എന്നീ മൂന്ന് സ്വരങ്ങള്‍ കൊണ്ട് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ റെക്കോഡാണ് ആല്വിന് ജോസ് തിരുത്തിക്കുറിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടം നേടിയിട്ടുണ്ട്. കെ ആന്‍സലന്‍ എംഎല്‍എ ഡോ. ആല്വിന് ജോസിനെ ആദരിച്ചു.