ന്യൂഡല്‍ഹി: 2027 എഎഫ്സി ഏഷ്യന്‍ കപ്പിനു വേദിയൊരുക്കാനുള്ള അപേക്ഷ പത്രിക ഇന്ത്യ ഔദ്യോഗികമായി സമര്‍പ്പിച്ചു. വേദിയാകുന്ന കാര്യത്തില്‍ ഇന്ത്യക്ക് നറുക്കുവീണാല്‍ ഏഷ്യന്‍ കപ്പിന് ആദ്യമായിട്ടാകും ഏഷ്യയിലെ ഇന്ത്യ ആതിഥേയത്വം വഹിക്കുക.
ഏഷ്യന്‍ കപ്പ് നടത്താനുള്ള താത്പര്യം അറിയിച്ചുകൊണ്ടുള്ള പത്രിക തങ്ങള്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ചതായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.
കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മൂന്നു മാസം നീട്ടി മാര്‍ച്ച് 31ല്‍നിന്നു മാറ്റി ജൂണ്‍ 30 വരെയാക്കിയിരുന്നു.
ടൂര്‍ണമെന്റിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനായി എഎഫ്സി എത്രയും പെട്ടെന്നു തന്നെ വേദി പ്രഖ്യാപിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം തന്നെ എഎഫ്സി വേദി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെക്കൂടാതെ സൗദി അറേബ്യയും വേദിക്കായുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഷ്യന്‍ കപ്പ് മൂന്നു തവണ നേടിയിട്ടുള്ള സൗദി ഇതുവരെ കപ്പിന് ആതിഥേയരായിട്ടില്ല.
2023ലെ ഏഷ്യന്‍ കപ്പിന് ആതിഥേയരാകാനായി തായ്ലന്ഡ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ അപേക്ഷ 2018 ഒക്ടോബറില്‍ പിന്‍വലിച്ചു. പിന്നീട് തായ്ലന്ഡും ദക്ഷിണ കൊറിയയും പിന്‍വാങ്ങിയതോടെ 2023ലെ ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം ചൈനയ്ക്കു ലഭിച്ചു. ചൈനയിലെ പത്ത് നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പ് നടത്തിപ്പ് വിജയകരമായി നടപ്പിലാക്കിയ ഇന്ത്യക്ക് വനിതകളുടെ അണ്ടര്‍ 17 ലോകകപ്പ് വേദിയാകാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്.
കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ വനിതാ അണ്ടര്‍ 17 ലോകകപ്പ് ഈ വര്‍ഷം നവംബറില്‍ നിന്ന് ഫിഫ മാറ്റി. 2022ലെ വനിതാ എഎഫ്സി ഏഷ്യന്‍ കപ്പും ഇന്ത്യയിലാണ് നടക്കുന്നത്.