മുംബൈ: 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മോശം ഫോമിലായിരുന്ന സഞ്ജു, അയർലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ 26 പന്തിൽ 40 റണ്സ് നേടിയിരുന്നു.
ടീമിൽ റിസർവ് താരമായി സഞ്ജു മാത്രമാണുള്ളത്. 17 അംഗ ടീമിലുള്ള കെ.എൽ. രാഹുലിന്റെ ആരോഗ്യത്തിൽ പൂർണ സംതൃപ്തി ഇല്ലാത്തതാണ് റിസർവ് കളിക്കാരനായി സഞ്ജുവിനെ ഉൾപ്പെടുത്താൻ കാരണം.
വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ. രാഹുൽ പൂർണമായി ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്നു ബിസിസിഐ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ വ്യക്തമാക്കി. എങ്കിലും രാഹുലിനെ ഉൾപ്പെടുത്തുകയും സഞ്ജുവിനെ റിസർവ് ആക്കുകയും ചെയ്തതാണു ശ്രദ്ധേയം.
അതു മാത്രമല്ല, ഏകദിനത്തിൽ ഫോമിലല്ലാത്ത സൂര്യകുമാർ യാദവും ഏഷ്യ കപ്പ് ഇന്ത്യൻ ടീമിൽ ഇടംനേടി.
തിലക് വർമ
ഏകദിന ടീമിലേക്ക് തിലക് വർമയ്ക്കു പ്രവേശനം ലഭിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിൽ നടത്തിയ മികച്ച ബാറ്റിംഗാണ് ഇരുപതുകാരനായ തിലക് വർമയെ ടീമിലെത്താൻ സഹായിച്ചത്.
ഓഫ് സ്പിന്നറായി പന്തെറിയാനുള്ള കഴിവും തിലകിനെ ഏകദിന ടീമിലേക്കു പരിഗണിക്കാൻ കാരണമായി. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലും തിലക് ഉൾപ്പെടാനുള്ള സാധ്യത ഇതോടെ തെളിഞ്ഞു.
അയർലൻഡിനെതിരായ പരന്പരയിൽ ക്യാപ്റ്റനായി ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുന്ന ജസ്പ്രീത് ബുംറ ഏഷ്യ കപ്പ് സംഘത്തിലുണ്ട്. ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കുന്നത്.
രാഹുൽ, ശ്രേയസ്
പരിക്കേറ്റു വിശ്രമത്തിലായിരുന്ന കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ തിരിച്ചെത്തി. ബാക്ക് ഇഞ്ചുറിയെത്തുടർന്ന് മാർച്ച് മുതൽ ശ്രേയസ് അയ്യർ ടീമിനു പുറത്താണ്. ഐപിഎല്ലിനിടെയാണു കെ.എൽ. രാഹുലിനു പരിക്കേറ്റത്.
ശ്രേയസ് അയ്യർ പൂർണമായി പരിക്കിൽനിന്ന് മുക്തനായെന്ന് അജിത് അഗാർക്കർ അറിയിച്ചു. ഇഷാൻ കിഷനാണു വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുള്ള മറ്റൊരു താരം. അതേസമയം, സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ടീമിൽ ഉൾപ്പെട്ടില്ല എന്നതും ശ്രദ്ധേയം.
സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാനെതിരേയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഗ്രൂപ്പ് എയിൽ.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഈ മാസം 30നാണ് ഏഷ്യ കപ്പ് ആരംഭിക്കുക.
ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷാർദുൾ ഠാക്കൂർ, അക്സർ പട്ടേൽ, സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ.
റിസർവ്:
സഞ്ജു വി. സാംസണ്.