ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഏഷ്യയിലെ ശക്തിയാരെന്ന് അറിയുന്നതിനുള്ള പോരാട്ടം യുഎഇയില്‍ ശനിയാഴ്ച തുടങ്ങും. ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തില്‍ ഓരോ ടീമും ഏഷ്യയിലെ കരുത്തരാരെന്നു തെളിയിക്കാനായിട്ടാണ് ഇറങ്ങുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്, ഹോങ്കോംഗ് ടീമുകള്‍ ഗ്രൂപ്പ് എയിലും ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ടീമുകളുമാണ്. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ പോരാടും. ഈഘട്ടത്തില്‍ നാലു ടീമും ഏറ്റുമുട്ടും. ഇതില്‍ ആദ്യ സ്ഥാനത്തെത്തുന്ന രണ്ടു ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കും. ഈ മാസം 28നാണ് ഫൈനല്‍.
ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 14-ാം എഡിഷനാണ് യുഎഇയില്‍ നടക്കുന്നത്. ഏഷ്യ കപ്പ് ക്വാളിഫയറിലൂടെയാണ് ഹോങ്കോംഗിനു ഏഷ്യ കപ്പിനു യോഗ്യത ലഭിച്ചത്. യോഗ്യത നേടിയതോടെ ടൂര്‍ണമെന്റില്‍ ഹോങ്കോംഗിന്റെ മത്സരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏകദിന പദവി നല്‍കുകയും ചെയ്തു.
ഇത്തവണ ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെത്തുടര്‍ന്നാണ് വേദി യുഎഇയിലേക്കു മാറ്റിയത്. കഴിഞ്ഞ തവണ ട്വന്റി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടത്തിയത്.
രോഹിത് ശര്‍മയും സംഘവും യുഎഇയില്‍
മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം യുഎഇയില്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശര്‍മയും ഇവര്‍ക്കൊപ്പം ലിമിറ്റഡ് ഓവറിലെ സ്പെഷലിസ്റ്റുകളുമുണ്ട്. രോഹിതാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ നായകന്. വിരാട് കോഹ്ലിക്കു വിശ്രമം നല്‍കിയതിനാലാണ് രോഹിതിന് നായകസ്ഥാനം ലഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏഷ്യകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഒരു കൂട്ടര് യുഎഇയിലെത്തിയത്. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ടീമിലെ മറ്റുള്ളവര്‍ ഉടന്‍ തന്നെ ഇവര്‍ക്കൊപ്പം ചേരും. ശനിയാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഏഷ്യാ കപ്പ്
ഏഷ്യകപ്പ് ഇതുവരെ: 13
2018 ഫോര്‍മാറ്റ്: ഏകദിനം
കൂടുതല്‍ വിജയം നേടിയ ടീം: ഇന്ത്യ
(5 ഏകദിന കിരീടവും
ഒരു ട്വന്റി 20 കിരീടവും)
നിലവിലെ ചാമ്പ്യന്മാര്: ഇന്ത്യ
കൂടുതല്‍ റണ്‍സ്: സനത് ജയസൂര്യ
(1220 ഏകദിന റണ്‍സ്)
കൂടുതല്‍ വിക്കറ്റ്: മുത്തയ്യ മുരളീധരന്
(30 ഏകദിന വിക്കറ്റ്)
മുന്‍ വേദികളും ചാമ്പ്യന്മാരും
1984 (ഷാര്‍ജ): ഇന്ത്യ
1986 (ശ്രീലങ്ക): ശ്രീലങ്ക
1988 (ബംഗ്ലാദേശ്): ഇന്ത്യ
1990-91( ഇന്ത്യ): ഇന്ത്യ
1995 (യുഎഇ): ഇന്ത്യ
1997 (ശ്രീലങ്ക): ശ്രീലങ്ക
2000 (ബംഗ്ലാദേശ്): പാക്കിസ്ഥാന്
2004 (ശ്രീലങ്ക): ശ്രീലങ്ക
2008 (പാക്കിസ്ഥാന്): ശ്രീലങ്ക
2010 (ശ്രീലങ്ക): ഇന്ത്യ
2012 (ബംഗ്ലാദേശ്): പാക്കിസ്ഥാന്
2014 (ബംഗ്ലാദേശ്): ശ്രീലങ്ക
2016 (ബംഗ്ലാദേശ്): ഇന്ത്യ