ദുബായ്: ഹോങ്കോംഗിനെതിരെ വിറച്ചുജയിച്ച ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരെ ഗർജിക്കുന്ന സിംഹമായി. ഏഷ്യൻ കപ്പിലെ ആവേശപോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ എട്ടുവിക്കറ്റിന് തകർത്തുവിട്ടു. പാക്കിസ്ഥാനെ 43.1 ഓവറിൽ 162 റൺസിൽ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യ 29 ഓവറില് രണ്ടുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഞായറാഴ്ച സൂപ്പർ ഫോറിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കംതന്നെ പിഴച്ചു. മൂന്നു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഇമാം ഉൾ ഹഖ്(2), ഫഖർ സമൻ(0) എന്നിവർ കൂടാരം കയറി. ഭുവനേശ്വറാണ് ഇരുവരെയും മടക്കിയത്. പിന്നീടെത്തിയ ബാബർ അസം(47), ശുഹൈബ് മാലിക്ക്(43) എന്നിവർ പാക്കിസ്ഥാനെ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടി.
മൂന്നാം വിക്കറ്റിൽ അസമും മാലിക്കും 82 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ബാക്കിയുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. പാക് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. അസമിനും മാലിക്കിനും പുറമേ ഫഹീം അഷ്റഫ്(21), മുഹമ്മദ് ആമിർ(18) എന്നിവരാണ് രണ്ടക്കം കടന്നത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും(39 പന്തിൽ 52) ശിഖർ ധവാനും(46) കൂളായി ബാറ്റ് വീശിയതോടെ ഇന്ത്യ വിജയത്തിലെത്തി. അമ്പാട്ടി റായിഡുവും(31) ദിനേശ് കാർത്തിക്കും(31) പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്റഫും ഷദാബ് ഖാനും ഒരു വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച സൂപ്പർ ഫോറിലെ ഇന്ത്യയുടെ ആദ്യ പോരാട്ടത്തിൽ ബംഗ്ലാദേശാണ് എതിരാളി. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാണ്. പാണ്ഡ്യയെ സ്ട്രേക്ച്ചറില് കിടത്തിയാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്.