ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്‍റെ തുടക്കത്തിൽ ചെറുമീനുകളായ ഹോങ്കോംഗിനോട് കഷ്ടിച്ചു രക്ഷപ്പെട്ടതിനു ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത ടൈയിൽ കുരുങ്ങി. ഫലം പ്രസക്തമല്ലാതിരുന്ന മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം നേടാൻ ടീം ഇന്ത്യയ്ക്കായില്ല. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ 252 റൺസെടുത്തതെങ്കിൽ ഇന്ത്യ അതേ സ്കോറിലെത്തുമ്പോഴേക്ക് എല്ലാവരും കൂടാരത്തിൽ തിരിച്ചെത്തിയിരുന്നു.
അഫ്ഗാൻ മുന്നോട്ട് വച്ച ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ലോകേഷ് രാഹുലും (60) അമ്പാട്ടി റായിഡുവും (57) അർധസെഞ്ചുറികളുമായി തുടക്കം ഗംഭീരമാക്കി. 17ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. റായിഡു പുറത്തായതിനു പിന്നാലെയെത്തിയ ദിനേശ് കാർത്തിക് 44 റൺസുമായി ഓപ്പണർമാർക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ ഇന്ത്യ അനായാസ ജയം ഉറപ്പിച്ചതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.
നായകൻ ധോണിയും മനീഷ് പാണ്ഡെയും കേദാർ യാദവും വേഗത്തിൽ പുറത്തായതോടെ ഇന്ത്യൻ സ്കോറിംഗിന്‍റെ വേഗം കുത്തനെ താഴേക്ക് പതിച്ചു. ധോണിയും പാണ്ഡെയും എട്ടു വീതം റൺസ് മാത്രമെടുത്താണ് പവലിയനിലേക്ക് മടങ്ങിയത്.
19 റൺസെടുത്ത യാദവാകട്ടെ അനാവശ്യമായി ബോളുകൾ പാഴാക്കുകയും ചെയ്തു.ഒടുവിൽ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ ശ്രമങ്ങൾക്കും വിജയം എത്തിപ്പിടിക്കാനായില്ല. നിർണായക ഘട്ടത്തിൽ 25 റൺസെടുക്കാൻ 34 പന്തുകൾ നേരിട്ട ജഡേജയ്ക്ക് കൂട്ടായെത്തിയ വാലറ്റക്കാരും ബോളുകൾ പാഴാക്കുന്നതിൽ മത്സരിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന് മുഹമ്മദ് ഷെഹ്സാദിന്റെ (116 പന്തിൽ 124) ഉജ്ജ്വല സെഞ്ചുറിയും മുഹമ്മദ് നബി (56 പന്തിൽ 64) യുടെ അർധസെഞ്ചുറിയുമാണ് മികച്ച സ്കോർ സമ്മാനിച്ചത്.
തുടക്കം മുതൽ അഫ്ഗാനിസ്ഥാൻ സ്കോർ ബോർഡിലേക്ക് ഹെഷ്സാദ് അതിവേഗത്തിൽ റണ്ണടിച്ചു കയറ്റി. 65 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ വെറും അഞ്ചു റണ്‍സായിരുന്നു സഹഓപ്പണർ ജാവേദ് അഹ്മദിയുടെ സംഭാവന. തൊട്ടുപിന്നാലെ മൂന്നു വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടതോടെ 65/0 എന്ന നിലയിൽനിന്ന് 82/4 എന്ന നിലയിലേക്ക് അഫ്ഗാൻ തകർന്നു.
അഞ്ചാം വിക്കറ്റിൽ ഗുൽബാദിൻ നയിബിനൊപ്പം ഷെഹ്സാദ് കൂട്ടിച്ചേർത്ത 50 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാൻ ഇന്നിംഗ്സിൽ നിർണായകമായത്. ഇതിനിടെ 88 പന്തിൽനിന്ന് സെഞ്ചുറി കുറിച്ച് ഷെഹ്സാദ് കരുത്തുതെളിയിച്ചു. വെറും 37 പന്തിൽനിന്നായിരുന്നു ഷെഹ്സാദിന്റെ അർധസെഞ്ചുറി.
നയിബും ഷെഹ്സാദും മടങ്ങിയപ്പോൾ എത്തിയ നബി പിന്നീട് അഫ്ഗാൻ ഇന്നിംഗ്സിനെ തോളേറ്റുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിനെ മികവോടെ നേരിട്ട നബി നാലു സിക്സറും മൂന്നു ബൗണ്ടറികളും പറത്തി. അഫ്ഗാൻ സ്കോർ 244-ൽ എത്തിച്ചശേഷമാണ് ഖലീൽ അഹമ്മദിന് ഇരയായി നബി മടങ്ങുന്നത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് നേടി.