ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശി നെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബൗളിംഗിനു മുന്പിൽ കൊന്പുകുത്തിയ ബംഗ്ലാദേശ് 49.1 ഓവറിൽ 173ന് പുറത്തായി. മറുപടി ബാറ്റേന്തിയ ഇന്ത്യ 36.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ഭേദിച്ചു.
പത്ത് ഓവറിൽ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ബംഗ്ലാദേശിന്റെ കഥകഴിച്ചത്. ഭുവനേശ്വർ കുമാർ 32 റണ്‍സ് വഴങ്ങിയും ജസ്പ്രീത് ബുംറ 37 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സ് എടുത്ത ഒന്‍പതാം നന്പർ ബാറ്റ്സ്മാനായ മെഹിഡി ഹസൻ മിറാസ് ആണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
പുറത്താകാതെ 83 (104) റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗ് ഇന്ത്യൻ ജയം അനായാസമാക്കി. ധവാൻ 40 ( 47), റായുഡു 13 (28), ധോണി 33 (37) റൺസ് നേടി.
അഫ്ഗാന് 257
സൂപ്പർ ഫോറിലെ മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാനെതിരേ അഫ്ഗാനിസ്ഥാൻ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 257 റണ്‍സ് എടുത്തു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയ ആവേശത്തിന്റെ തുടർച്ചയായിരുന്നു അഫ്ഗാൻ പാക്കിസ്ഥാനെതിരേയും പുറത്തെടുത്തത്. മഷ്മദുള്ള ഷാഹിദി (97 നോട്ടൗട്ട്), അസ്ഗർ അഫ്ഗാൻ (67 റണ്‍സ്) എന്നിവർ അഫ്ഗാനായി അർധ സെഞ്ചുറി നേടി. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.