ഫിഫ 3X3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പേയിയെ 21-18ന് പരാജയപ്പെടുത്തിയപ്പോൾ വൈകിട്ട് രണ്ടാം സീഡായ ചൈനയോട് അവസാന നിമിഷം വരെ പൊരുതിയ ശേഷം 19-21 പരാജയപെട്ടു.
രാവിലെ ചൈനീസ് തായ്പേയുമായി നടന്ന മത്സരത്തില്‍ അരവിന്ദ് മുത്തു കൃഷ്ണൻ 9 പോയിന്റുകളും 4 റീബൗണ്ടുകളും നേടി ടോപ് സ്കോററായി. ഹർഷ് ഡാഗർ 4 പോയിന്റുകളും 6 റീബൗണ്ടുകളും നേടിയപ്പോൾ കുശാൽ സിംഗ് 4 പോയിന്റുകളും 2 റീബൗണ്ടുകളും നേടി.പ്രണവ് പ്രിൻസ് നാല് പോയിന്റുകളും നാലു റീബൗണ്ടുകളും നേടി.
വൈകിട്ട് രണ്ടാം സീഡായ ശക്തരായ ചൈനയോട് ഒരു സമയം മൂന്ന് പോയിന്റ് വരെ ലീഡ് നേടാനായി, പക്ഷേ ചൈനയുടെ പരിചയസന്പത്ത് അവരെ വീണ്ടും 19 -17 എന്ന ലീഡിൽ എത്തിച്ചു, കളി തീരാൻ ഒരു മിനിറ്റും ആറ് സെക്കന്‍ഡും ശേഷിക്കെ വീണ്ടും ഇന്ത്യ അരവിവിന്ദിന്റെ രണ്ടു ഫ്രീത്രോയിലൂടെ 19-19 എന്ന സ്കോറിൽ സമനില നേടി, പക്ഷേ പരിചയസന്പന്നരായ ചൈന ഹാൻയു ഗുവോയിലൂടേ 21-19ല്‍ വിജയം കരസ്തമാക്കി.
ഇന്ത്യക്കുവേണ്ടി അരവിന്ദ് പത്തു പോയിന്റും നാലു റീബൗണ്ടും പ്രണവ് അഞ്ച് പോയിന്റും നാലു റീബൗണ്ടും ഹർഷ് ദാഗർ നാലു പോയിന്റും രണ്ടു റീബൗണ്ടുകളും നേടി. യോഗ്യതാ റൗണ്ടുകളിൽ ആദ്യ നാലു മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്ന് വിജയങ്ങളിലും ഡാഗർ മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാ മത്സരങ്ങളും നിശ്ചിത സമയത്തിനുള്ളിൽ തീർത്തു എന്നുളതാണ് മറ്റൊരു പ്രത്യേകത. ചെന്നൈ ഇന്ത്യൻ ബാങ്കിൽ ജോലിചെയ്യുന്ന പ്രണവ് തിരുവനന്തപുരം സ്വദേശിയാണ്.
പൂൾ ബിയിൽനിന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമായി ഫിനിഷ് ചെയ്തു ക്വാർട്ടർ ഫൈനലിലേക്ക് സ്ഥിരീകരിച്ചു. ക്വാർട്ടർ ഫൈനലില്‍ ഇന്ത്യക്കു പൂൾ ഡിയിൽ നിന്ന് ഖത്തറോ ന്യൂസിലൻഡോ ആയിരിക്കും എതിരാളികൾ. പൂൾ ഡിയിലെ ഓപ്പണിംഗ് മത്സരത്തിൽ ഖത്തർ വിയറ്റ്നാമിനെ 21-16ന് പരാജയപ്പെടുത്തിയപ്പോൾ ന്യൂസിലൻഡ് വിയറ്റ്നാമിനെ 21-15ന് പരാജയപ്പെടുത്തി. ഈ യുവ ടീമിലെ എല്ലാവരും എൻബിഎ അക്കദമിയിൽ ഒരുമിച്ചു കളിച്ചുവളർന്നവരാണെന്നതും പ്രത്യേകതയാണ്.