ബംഗളൂരു: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയെ പി.ആര്. ശ്രീജേഷ് നയിക്കും. നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കി മലേഷ്യയിലെ കൗന്ടാനില് ഈ മാസം 20 മുതല്‍ 30 വരെയാണ് നടക്കുന്നത്. പതിനെട്ടംഗ സംഘത്തെ മലയാളി ഗോള്‍കീപ്പര്‍ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി മന്‍പ്രീത് സിംഗിനെ ചുമതലയേല്‍പ്പിച്ചു. എസ്.വി. സുനിലിനു പകരമാണ് മന്‍പ്രീത് ഉപനായകനായത്.
പ്രതിരോധത്തിലെ ജസ്ജിത് സിംഗ് കൗളര്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തി. ഈ ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചിരിക്കുന്ന പരിചയ സമ്പന്നനായ വി.ആര്. രഘുനാഥിനു പകരമാണ് ഡ്രാഗ് ഫ്ളിക് വിദഗ്ധനായ ജസ്ജിത് ടീമിലെത്തിയിരിക്കുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ വിശ്രമത്തിലായിരുന്ന ബിരേന്ദ്ര ലാക്റയും ടീമിലെത്തി. റിയോ ഒളിമ്പിക്സിലും ബിരേന്ദ്ര പങ്കെടുത്തില്ലായിരുന്നു.
പരിചയസമ്പന്നരായ രുപിന്ദര്‍ പാല് സിംഗ്, കോത്താജിത് സിംഗ്, സുരേന്ദര്‍ കുമാര്‍, പ്രദീപ് മോര് എന്നിവര്‍ക്കൊപ്പം ബിരേന്ദ്രയുമെത്തുമ്പോള് പ്രതിരോധം ശക്തമാകും. മധ്യനിരയില്‍ ചിംഗ്ലന്‍സന സിംഗ്, മന്‍പ്രീത്, സര്‍ദാര്‍ സിംഗ്, എസ്.കെ. ഉത്തപ്പ, ദേവിന്ദര്‍ വാല്മീകി എന്നിവര്‍ നിരക്കും. മുന്നേറ്റനിരയിലെ ആകാശ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവരുടെ സേവനം ലഭിക്കില്ല. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇവര്‍ക്കു പകരം തല്‍വീന്ദര്‍ സിംഗ്, ലളിത് കുമാര്‍ ഉപാദ്യ എന്നിവരെത്തും. ശ്രീജേഷിനു പുറമെ രണ്ടാം ഗോളിയായി ആകാശ് ചികേ്തയും സ്ഥാനം പിടിച്ചു. ഇന്ത്യക്കു പുറമെ കൊറിയ, ജപ്പാന്, ചൈന, മലേഷ്യ, നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന് ടീമുകളാണുള്ളത്.