ന്യൂഡൽഹി: ജനുവരി അഞ്ച് മുതൽ യുഎഇയിൽ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐഎസ്എലിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് കളിക്കാർ ടീമിൽ ഇടംപിടിച്ചു. സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, ഹോളിചരണ്‍ നർസാരി എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലുള്ളത്.
അനസിനു പിന്നാലെ മലയാളി താരമായി ആഷിഖ് കുരുനിയനും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സുനിൽ ഛേത്രിയാണ് നീലക്കടുവകൾ എന്ന ഓമനപ്പേരുള്ള ഇന്ത്യ ടീമിന്റെ നായകൻ.
നേരത്തെ 28 അംഗ ടീമിനെയാണു പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ പ്രഖ്യാപിച്ചിരുന്നത്. ഇതിൽനിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കി. ഗ്രൂപ്പ് എയിൽ ആതിഥേയരായ യുഎഇ, തായ്ലൻഡ്, ബഹറിൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ. ജനുവരി ആറിന് തായ്ലൻഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടീം: ഗോൾ കീപ്പർമാർ – ഗുർപ്രീത് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കെയ്ത്ത്. പ്രതിരോധം – പ്രിതംകോട്ടാൽ, അനസ്, ജിങ്കൻ, നാരായണ്‍ ദാസ്, സലാം രഞ്ജൻ സിംഗ്. മധ്യനിര- ഉദാന്ത് സിംഗ്, വിനീത് റായ്, ആഷിഖ് കുരുനിയൻ, ജാക്കി ചന്ദ് സിംഗ്. മുന്നേറ്റം – സുനിൽ ഛേത്രി, ജെജെ ലാൽ പെഖുല, സുമീത് പാസി, ബൽവന്ത് സിംഗ്.