വുഹാൻ (ചൈന): ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന് ഇന്നു മുതൽ തുടക്കം. 54 വർഷമായി തുടരുന്ന കിരീട വരൾച്ചയ്ക്ക് അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്വാൾ, കിഡംബി ശ്രീകാന്ത് തുടങ്ങിയവർ ഇറങ്ങും. തുടർച്ചയായ രണ്ട് ടൂർണമെന്റുകൾക്കുശേഷം ഒരാഴ്ചത്തെ വിശ്രമം ലഭിച്ച ആശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ.
കഴിഞ്ഞ വർഷം പുരുഷ വിഭാഗം സിംഗിൾസിൽ മലയാളി താരമായ എച്ച്.എസ്. പ്രണോയിയും വനിതാ വിഭാഗത്തിൽ സൈന നെഹ്വാളും വെങ്കലം സ്വന്തമാക്കിയിരുന്നു. 2010, 2016 വർഷങ്ങളിലും സൈന വെങ്കലം സ്വന്തമാക്കി. ഒളിന്പിക് വെള്ളി ജേതാവായ പി.വി. സിന്ധു 2014ൽ വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്. സ്വർണം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യൻ താരങ്ങൾ ചൈനയിലെത്തിയിരിക്കുന്നത്.
പുരുഷ സിംഗിൾസിൽ പ്രണോയ്ക്ക് ഇത്തവണ മത്സരിക്കാൻ സാധിക്കില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വർഷം വെങ്കലം നേടിയ താരത്തിന് ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) വീഴ്ചയെത്തുടർന്നാണ് എൻട്രി ലഭിക്കാതിരുന്നത്.
നിയമപ്രകാരം മുൻനിര രാജ്യങ്ങൾക്ക് നാല് താരങ്ങളെ പങ്കെടുപ്പിക്കാവുന്നതാണ്. പുരുഷ വിഭാഗം സിംഗിൾസിൽ കിഡംബി ശ്രീകാന്ത്, സമീർ വർമ, എച്ച്.എസ്. പ്രണോയ്, സായ് പ്രണീത് എന്നിവരെയായിരുന്നു ഏഷ്യൻ കമ്മിറ്റി തെരഞ്ഞെടുത്തത്. എന്നാൽ, ഇന്ത്യൻ അസോസിയേഷൻ ശ്രീകാന്ത്, സമീർ വർമ എന്നിവരുടെ എൻട്രികൾ മാത്രമേ സ്ഥിരീകരിച്ചുള്ളൂ.