ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം തുടർന്ന് ഇന്ത്യ. തിങ്കളാഴ്ച രണ്ടു സ്വർണവും നാലു വെങ്കലവുമുൾപ്പെടെ ആറ് മെഡൽകൂടി നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 11 ആയി (രണ്ടു സ്വർണം, മൂന്നു വെള്ളി, ആറു വെങ്കലം). മെഡൽപട്ടികയിൽ ആതിഥേയരായ ചൈന ഒന്നാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്.
ഷൂട്ടിംഗിലും ക്രിക്കറ്റിലുമാണ് ഇന്ത്യയുടെ സുവർണനേട്ടങ്ങൾ. പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ലോകറിക്കാർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്.
രുദ്രാങ്കിഷ് പാട്ടീൽ, ദിവ്യാൻഷ് പൻവർ, ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരാണ് സ്വർണം നേടിയ ടീമിലെ അംഗങ്ങൾ. ഇന്ത്യ 1893.7 പോയിന്റ് നേടി.
രണ്ടാം സ്വർണം വനിതാ ക്രിക്കറ്റിലൂടെ ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയെ 19 റണ്‍സിനു പരാജയപ്പെടുത്തി. മലയാളിതാരം മിന്നുമണിയും സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ്. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണു മിന്നുമണി.
ഇതിനുപുറമേ, പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ്സിംഗും (228.8 പോയിന്റ്), പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ്വീർ സിംഗ്, അനിഷ് ഭൻവാല, ആദർശ് സിംഗ് എന്നിവരുമടങ്ങുന്ന ടീമും വെങ്കലം സ്വന്തമാക്കി.
റോവിംഗിൽ മെൻസ് കോക്സ്ലെസ് ഫോർ, മെൻസ് ക്വാഡ്രപ്പിൾ സ്കൾസ് വിഭാഗങ്ങളിലാണ് ശേഷിക്കുന്ന രണ്ടു വെങ്കലമെഡലുകൾ. റോവിംഗിൽ ആകെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. വുഷുവിൽ സെമിയിൽ കടന്ന റോഷിബിന ദേവി നോറം മെഡൽ ഉറപ്പിച്ചിട്ടുണ്ട്.