ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ എണ്ണം ഇന്നലെ അർധസെഞ്ചുറിയിൽ. പത്താം ദിവസമായ ഇന്നലെ ഒരു സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ഒന്പത് മെഡൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയതോടെയാണിത്. ഒന്പത് സ്വർണം, 19 വെള്ളി, 22 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.
ഇന്ത്യയുടെ 800
പുരുഷന്മാരുടെ 800 മീറ്ററിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും. ഹീറ്റ്സിൽ മികച്ച സമയത്തോടെ ഫൈനലിലേക്കെത്തിയ മലയാളി താരം ജിൻസണ് ജോണ്സണ് വെള്ളി നേടിയപ്പോൾ മൻജിത് സിംഗ് ഇന്ത്യക്കായി സ്വർണത്തിലേക്ക് ഓടിക്കയറി. 1:46.15 സെക്കൻഡിലാണ് മൻജിത് സ്വർണം കരസ്ഥമാക്കിയത്. ഫോട്ടോഫിനിഷിംഗിലൂടെ ജിൻസണ് (1:46.35 സെക്കൻഡ്) വെള്ളി നേടിയപ്പോൾ ഖത്തറിന്റെ അബൂബക്കർ അബ്ദുള്ള (1:46.38 സെക്കൻഡ്) വെങ്കലം കരസ്ഥമാക്കി.
ഇരുപത്തെട്ടുകാരനായ മൻജിത്തും ഇരുപത്തേഴുകാരനായ ജിൻസണും തമ്മിലുള്ള പോരാട്ടമായിരുന്നു ട്രാക്കിൽ കണ്ടത്. ഹീറ്റ്സിൽ 1:47.39 സെക്കൻഡായിരുന്നു ജിൻസണ് കുറിച്ചത്. മൻജിത് സിംഗ് 1: 48.74 സെക്കൻഡും.
മിക്സഡ് റിലേയിൽ വെള്ളി
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് 4 x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് വെള്ളി. മലയാളിയായ മുഹമ്മദ് അനസ്, എം.ആർ. പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരുടെ സംഘമാണ് ഇന്ത്യക്കായി ബാറ്റണ് ഏന്തിയത്. 3:15.71 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ടാണ് ഇന്ത്യ വെള്ളി കൈക്കലാക്കിയത്. 3:11.89 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ബഹ്റിനാണ് സ്വർണം. 3:19.52 സെക്കൻഡുമായി കസാക്കിസ്ഥാൻ വെങ്കലമണിഞ്ഞു.
അത്ലറ്റിക്സിൽനിന്ന് ഇന്ത്യക്ക് ഇതുവരെ 11 മെഡലുകൾ ആയി. മൂന്ന് സ്വർണവും എട്ട് വെള്ളിയുമാണ് ഇന്ത്യൻ താരങ്ങൾ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽനിന്നായി സ്വന്തമാക്കിയത്.
ദ്യുതി ഒന്നാമത്, ഹിമയ്ക്ക് അയോഗ്യത
വനിതാവിഭാഗം 200 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് ഹീറ്റ്സിലെ മികച്ച സമയവുമായി ഫൈനലിനു യോഗ്യത സ്വന്തമാക്കി. അതേസമയം, 400 മീറ്ററിൽ വെള്ളി നേടിയ യുവതാരം ഹിമ ദാസിനെ ഫൗൾസ്റ്റാർട്ടിനെത്തുടർന്ന് അയോഗ്യയാക്കി.
23.00 സെക്കൻഡുമായാണ് ദ്യുതി 200 മീറ്റർ ഫൈനൽ പോരാട്ടത്തിനു യോഗ്യത നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതിൽ ഏറ്റവും മികച്ച സമയമാണിത്. നേരത്തേ 100 മീറ്ററിൽ ദ്യുതി വെള്ളി നേടിയിരുന്നു.
അന്പെയ്ത് രണ്ടു വെള്ളി
അന്പെയ്ത്തിൽ ഇന്നലെ ഇന്ത്യക്ക് രണ്ട് വെള്ളി. പുരുഷ-വനിതാ കോന്പൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്. പുരുഷവിഭാഗം ഫൈനലിൽ ഷൂട്ട് ഓഫിലൂടെയാണ് ഇന്ത്യ വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടത്. കൊറിയ-ഇന്ത്യ സ്വർണപോരാട്ടത്തിൽ നാല് റൗണ്ട് പിന്നിട്ടപ്പോൾ ഇരു ടീമുകളും 229 പോയിന്റ് വീതം നേടി. തുടർന്നാണ് വിജയിയെ നിശ്ചയിക്കാൻ ഷൂട്ട് ഓഫ് നടത്തിയത്. രജത് ചൗഹാൻ, അമൻ സൈനി, അഭിഷേക് വർമ എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്.
വനിതാ വിഭാഗത്തിലും സ്വർണത്തിനായി ഇന്ത്യ-കൊറിയ പോരാട്ടമാണ് നടന്നത്. കൊറിയക്കാർ 231 പോയിന്റ് നേടിയപ്പോൾ ഇന്ത്യക്ക് 228 പോയിന്റേ നേടാൻ സാധിച്ചുള്ളൂ. കുഷ്കൻ കിരർ, മധുമിത കുമാരി, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
കുറേഷിൽ രണ്ട് മെഡൽ
വനിതകളുടെ കുറേഷിൽ ഇന്ത്യക്ക് വെള്ളിയും വെങ്കലവും. 52 കിലോഗ്രാം വിഭാഗത്തിൽ പിങ്കി ബാൽഹാര വെള്ളിയും മാലപ്രഭ യാദവ് വെങ്കലവും കരസ്ഥമാക്കി. ഫൈനലിൽ ഉസ്ബക്കിസ്ഥാന്റെ ഗുൽനോർ സുലൈമനോവയോട് 10-0നു പരാജയപ്പെട്ടാണ് പിങ്കി വെള്ളിയിലൊതുങ്ങിയത്. സെമിയിൽ ഉസ്ബക്കിസ്ഥാന്റെ ഒയ്സുലു അബ്ദുമജിദോവയെ 3-0നു പരാജയപ്പെടുത്തിയായിരുന്നു പിങ്കി ഫൈനലിൽ കടന്നത്. സെമിയിൽ സുലൈമനോവയോട് 10-0നു പരാജയപ്പെട്ട മാലപ്രഭ വെങ്കലം നേടി.
ടിടിയിൽ വെങ്കലം
പുരുഷ വിഭാഗം ടേബിൾടെന്നീസ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. സെമിയിൽ കൊറിയയോട് 3-0നു പരാജയപ്പെട്ടതാണ് വെങ്കലംകൊണ്ട് തൃപ്തിപ്പെടാൻ കാരണം. കൊറിയയ്ക്കാണ് സ്വർണം. മാനവ് വികാസ്, ശരത് കമാൽ, ആന്റണി അർപുതരാജ്, രാജുൽ ഹർമീത് ദേശായി, സത്യൻ ഗണശേകരൻ എന്നിവരടങ്ങിയതായിരുന്നു ഇന്ത്യൻ ടീം.
മെഡൽ നില
സ്ഥാനം, ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ
1. ചൈന 97 64 45 206
2. ജപ്പാൻ 43 38 61 142
3. കൊറിയ 32 40 46 118
4. ഇന്തോനേഷ്യ 24 19 29 72
8. ഇന്ത്യ 9 19 22 50