ബാങ്കോക്ക്: ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ചാംഗ്ചൂവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റും ഉൾപ്പെടുത്തി. ബാങ്കോക്കിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ(ഒസിഎ) യോഗത്തിലാണ് തീരുമാനം. ഒസിഎ വൈസ് പ്രസിഡന്റ് രന്ദീർ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
2018ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നില്ല. 2010ലും 2014ലും ട്വന്റി-20 ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിരുന്നെങ്കിലും ഇന്ത്യ മത്സരിച്ചിരുന്നില്ല. 2022 ഏഷ്യന്‍ ഗെയിംസിലും ട്വന്റി-20 മത്സരമാകും നടത്താന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വർഷത്തോളം ഉള്ളതിനാൽ ബിസിസിഐ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്.
ഗെയിംസില്‍ ഓസ്ട്രേലിയയും ന്യുസീലന്‍ഡും ഉൾപ്പെടെയുള്ള ഓഷ്യാനിയ രാജ്യങ്ങളെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 2024ലെ പാരീസ് ഒളിമ്പിക്സിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന 27 ഇനങ്ങളിലാണ് ഓഷ്യാനിയ രാജ്യങ്ങൾ മത്സരിക്കാൻ ഇറങ്ങുക.