18-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയ ആദ്യ മെഡൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. അപൂർവി ചന്ദേല – രവി കുമാർ കൂട്ടുകെട്ടാണ് വെങ്കലം വെടിവച്ചിട്ടത്. ഈ ഇനത്തിൽ ചൈനീസ് തായ്പേയ് ഗെയിംസ് റിക്കാർഡോടെ സ്വർണവും ചൈന വെള്ളിയും നേടി.
429.9 പോയിന്റുമായാണ് ഇന്ത്യൻ കൂട്ടുകെട്ട് വെങ്കലം കരസ്ഥമാക്കിയത്. ചൈനീസ് തായ്പേയ് സഖ്യം 494.1 ഉം ചൈനീസ് താരങ്ങൾ 492.5ഉം പോയിന്റാണ് നേടിയത്. അതേസമയം, 10 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ഫൈനലിൽ കടക്കാൻ സാധിച്ചില്ല. മനു ഭാകർ – അഭിഷേക് വർമ കൂട്ടുകെട്ടായിരുന്നു ഇന്ത്യക്കായി പോരാടിയത്. എന്നാൽ, ക്വാളിഫിക്കേഷൻ റൗണ്ടിൽ 759 പോയിന്റുമായി ആറാം സ്ഥാനത്ത് എത്താനേ ഇവർക്കു സാധിച്ചുള്ളൂ.