ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യക്കു നിലയ്ക്കാത്ത മെഡൽ മുഴക്കം. ഇന്നലെ ഷൂട്ടിംഗ് റേഞ്ചിൽനിന്നു രണ്ടു സ്വർണവും മൂന്നു വെള്ളിയും ഇന്ത്യൻ അക്കൗണ്ടിലെത്തി. വനിതാ 10 മീറ്റർ എയർ പിസ്റ്റളിൽ പതിനേഴുകാരി പലക്ക് ഗുലിയയും പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലുമായിരുന്നു സ്വർണം എത്തിയത്.
പലക്ക് ഗുലിയ 242.1 പോയിന്റ് നേടി ഏഷ്യൻ ഗെയിംസ് റിക്കാർഡോടെയാണ് സ്വർണം നേടിയതെങ്കിൽ പുരുഷ ടീം ലോക റിക്കാർഡ് കുറിച്ചാണ് തങ്കം കഴുത്തിലണിഞ്ഞത്.
ഐശ്വരി പ്രതാപ് സിംഗ് തോമർ (591), സ്വപ്നിൽ കുശാലെ (591), അഖിൽ ഷെറാൻ (587) എന്നിവരാണ് 1769 പോയിന്റോടെ ലോക റിക്കാർഡ് കുറിച്ച പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീമിലെ താരങ്ങൾ.
2022 കാറ്റ് ചാന്പ്യൻഷിപ്പിൽ അമേരിക്ക സ്ഥാപിച്ച റിക്കാർഡ് ഇതോടെ പഴങ്കഥയായി. ആതിഥേയരായ ചൈനയ്ക്കാണ് (1763) ഈയിനത്തിൽ വെള്ളി. ദക്ഷിണകൊറിയ 1748 പോയിന്റുമായി വെങ്കലം സ്വന്തമാക്കി.
പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ സ്വർണം നേടിയ ഐശ്വരി പ്രതാപ് സിംഗ് തോമർ വ്യക്തിഗത ഇനത്തിൽ വെള്ളി സ്വന്തമാക്കി. ഒരു ഘട്ടത്തിൽ വളരെ പുറകിലായിരുന്ന ഐശ്വരി അവസാന നിമിഷമാണ് മെഡൽ നേടിയത്. എന്നാൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരമായ സ്വപ്നിൽ കുശാൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
വനിതാ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും (ടി.എസ്. ദിവ്യ, ഇഷ സിംഗ്, പലക്ക് ഗുലിയ) വ്യക്തിഗത ഇനത്തിലുമാണ് (ഇഷ സിംഗ്) ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്നലെ ഇന്ത്യൻ അക്കൗണ്ടിലെത്തിയ മറ്റു വെള്ളി മെഡലുകൾ.
ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽനിന്നു മാത്രം ആറു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 18 മെഡലാണ് ഇന്ത്യ നേടിയിട്ടുള്ളത്. 12 സ്വർണവും എട്ടു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 23 മെഡൽ നേടിയ ചൈന മാത്രമാണ് ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്കു മുന്നിൽ.