ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന താരങ്ങൾ സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും എത്രയും വേഗം എത്താനാണ് ആഗ്രഹിക്കുക.
ഏഷ്യൻ ഗെയിംസ് എന്നല്ല, രാജ്യത്തിനു വേണ്ടി മെഡൽ നേടുന്ന ഏതൊരു താരത്തിന്റെയും ആഗ്രഹം അതുതന്നെ. എന്നാൽ, ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിട്ടും ആ മെഡലുമായി എന്ന് വീട്ടിലും നാട്ടിലുമെത്താമെന്നു തീർച്ചയില്ലാത്ത ഒരു താരം ഇന്ത്യൻ സംഘത്തിലുണ്ട്.
വനിതാ 60 കിലോഗ്രാം സൻഡ വുഷുവിൽ വെള്ളി നേടിയ നഓറം റോഷിബിന ദേവിയാണ് ഈ ദുരവസ്ഥയിലുള്ളത്. മണിപ്പുരിലെ ബിഷ്ണുപുർ ജില്ലക്കാരിയാണ് റോഷിബിന ദേവി.
കലാപ കലുഷിത അന്തരീക്ഷമായതിനാലാണ് റോഷിബിന ദേവിക്ക് എന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയെത്താൻ സാധിക്കും എന്ന് വ്യക്തതയില്ലാത്തത്.
മണിപ്പുരിൽ ദുരതമനുഭവിക്കുന്ന ആളുകൾക്ക് ഈ മെഡൽ സമർപ്പിക്കുന്നു. ഞങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. എല്ലാവരും ഭയത്തിലാണ്.
എല്ലാം അഗ്നിക്കിരയാക്കപ്പെടുന്നതു കണ്ടിരിക്കുക അസഹനീയമാണ് – റോഷിബിന ദേവി ഏഷ്യൻ ഗെയിംസ് വെള്ളി നേട്ടത്തിനുശേഷം പറഞ്ഞു.
ഇംഫാലിലെ ഹോട്ടലിലാണു റോഷിബിന ദേവി താമസിക്കുന്നത്. സ്വന്തം ഗ്രാമത്തിലേക്ക് എത്തരുതെന്നാണു മാതാപിതാക്കളുടെ നിർദേശം.
ചരിത്ര സ്വർണത്തിനായാണ് റോഷിബിന ദേവി ഫൈനലിനിറങ്ങിയത്. എന്നാൽ, ചൈനയുടെ വു ഷിയാവെയ്ക്കു മുന്നിൽ റോഷിബിന ദേവി തോൽവി സമ്മതിച്ചു. 2-0നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി.
ഫൈനലിൽ ജയം നേടിയിരുന്നെങ്കിൽ വുഷുവിലൂടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ സ്വർണമാകുമായിരുന്നു അത്.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലും റോഷിബിന ദേവി മെഡൽ നേടിയിരുന്നു. അന്ന് ഇതേയിനത്തിൽ വെങ്കലം നേടിയ റോഷിബിന, ഇത്തവണ വെള്ളിയണിഞ്ഞു.
അടുത്ത തവണ സ്വർണം നേടുമെന്ന വാഗ്ദാനത്തോടെയാണ് റോഷിബിന ദേവി 19-ാം ഏഷ്യൻ ഗെയിംസ് വേദി വിട്ടത്. 2019 സൗത്ത് ഏഷ്യൻ ഗെയിംസിൽ റോഷിബിന ദേവി സ്വർണം സ്വന്തമാക്കിയിട്ടുണ്ട്.