ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ സ്റ്റാര്‍ ടിവി ഉടമയിലെ ചാനലുകളെല്ലാം അമേരിക്കന്‍ കമ്പനിയായ വാള്‍ട്ട് ഡിസ്നി സ്വന്തമാക്കി. ഓസ്ട്രേലിയന്‍ മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമയിലായിരുന്നു സ്റ്റാര്‍ ഇന്ത്യയിലെ ഈ ചാനലുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. ഇവ ഉള്‍പ്പെടെ മര്‍ഡോക്കിന്റെ ഉടമയിലെ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിലെ പ്രധാന ചാനലുകളെല്ലാം 5240 കോടി രൂപയ്ക്കാണ് വാള്‍ട്ട് ഡിസ്നി ഏറ്റെടുക്കുന്നത്.
ഇക്കൂട്ടത്തിലാണ് സ്റ്റാര്‍ ടിവിക്ക് എട്ടു ഭാഷകളിലായുള്ള 69 ചാനലുകളും കൈമാറുന്നത്. ഇവയില്‍ ഏഷ്യാനെറ്റിന്റെ ഏറ്റവും വരുമാനമുണ്ടാക്കുന്ന ചാനലുകളും വിറ്റുപോവുകയാണ്. തമിഴില്‍ സ്റ്റാര്‍ വിജയ് ചാനലും ഡിസ്നിക്കു സ്വന്തമാവും. ഇതേസമയം, രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഈ വില്‍പ്പനയില്‍ പെടുന്നില്ല. ഡിസ്നിക്ക് ഇന്ത്യയില്‍ നിലവില്‍ ഡിസ്നി ചാനലും ഹംഗാമ ടിവി യുടിവിയുടെ ഭാഗമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മിക്ക ചാനലുകളും കൈയൊഴിയുന്ന മര്‍ഡോക് അമേരിക്കയിലെ ന്യൂസ് ചാനലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അറിയുന്നത്. 86 കാരനായ മര്‍ഡോക് എല്ലാം വിറ്റൊഴിച്ച് വിശ്രമ ജീവിതത്തിലേക്കു തിരിയുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത മര്‍ഡോക് തന്നെ പിന്നീട് നിഷേധിച്ചു. ടൈംസ്, സണ്‍ പത്രങ്ങളുടെ ഉടമസ്ഥത വഹിക്കുന്ന ന്യൂസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടം മര്‍ഡോക്ക് തുടരും.