ആലപ്പുഴയിലെ ഏഷ്യാനെറ്റ് ഓഫീസിനു നേരെ ആക്രമണം, കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു, റിപ്പോര്‍ട്ടര്‍ അറിഞ്ഞത് പുലര്‍ച്ചയോടെ, സംഭവത്തിനു പിന്നില്‍ തോമസ് ചാണ്ടിയുടെ ആളുകളോ? പ്രതിഷേധവുമായി മാധ്യമലോകം

ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം. ഓഫീസിന്റെ പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം. സംഭവസമയത്ത് ആലപ്പുഴ റിപ്പോര്‍ട്ടര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. നല്ല ഉറക്കമായിരുന്നതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവം അറിയാനായിരുന്നില്ല. രാവിലെ വീടു വൃത്തിയാക്കാന്‍ വന്ന സ്ത്രീയാണ് സംഭവം ആദ്യം കാണുന്നതും റിപ്പോര്‍ട്ടറെ വിളിച്ചറിയിച്ചത്. അഞ്ചുമീറ്ററോളം ചില്ലുകള്‍ ചിതറിത്തെറിച്ചു കിടക്കുന്നുണ്ട്. ഗതാഗതമന്ത്രി തോമസ് ചാണ്ടിിക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി ഏഷ്യാനെറ്റ് വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഭീഷണികളൊന്നും ഇതുവരെയായി ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. കാര്‍ തകര്‍ത്തതിനു പിന്നില്‍ ആരെന്നതു സംബന്ധിച്ച് സൂചനയില്ലെന്നും പറയുന്നു.

കോളിംഗ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്നതിനാല്‍ അറിഞ്ഞില്ല. പിന്നീട് ഇവര്‍ ഫോണില്‍ വിളിച്ചപ്പോഴാണ് ഉണര്‍ന്നതെന്ന് റിപ്പോര്‍ട്ടറും പറയുന്നത്. ഗ്രില്ലും ഡോറും തുറന്നു പുറത്തെത്തിയപ്പോള്‍ വീടു വൃത്തിയാക്കാനെത്തിയവരും അയല്‍വാസിയും ഇതു കണ്ടോയെന്ന് ചോദിച്ച് കാര്‍ തകര്‍ത്തിരിക്കുന്നതു കാണിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും ചിതിറിത്തെറിച്ച നിലയിലാണ്. കാറിന്റെ സമീപത്ത് ഇന്റര്‍ലോക്ക് കട്ടയും കിടക്കുന്നു. രാത്രി വൈകിയാണ് റിപ്പോര്‍ട്ടര്‍ ഉറങ്ങാന്‍ കിടന്നത്. അതുകൊണ്ടുതന്നെ ഗാഢമായ നിദ്രയില്‍ പെട്ടതിനാല്‍ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും പറയുന്നു.

സംഭവത്തില്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെല്ലാം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷധിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ലിയുജെ ജില്ലാ പ്രസിഡന്റ് വി.എസ്. ഉമേഷും സെക്രട്ടറി ജി. ഹരികൃഷ്ണനും ആവശ്യപ്പെട്ടു.

Related posts