തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.സി. വിഷ്ണുനാഥാണ് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ചത്.
ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകുമെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. ലഹരിമാഫിയക്ക് എതിരായ വാർത്തയിൽ എന്തിനാണ് എസ്എഫ്ഐക്ക് പ്രതിഷേധമെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്ഐക്ക് സെൻസർഷിപ്പ് നൽകിയത് ആരാണെന്നും വിഷ്ണുനാഥ് ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ അതിക്രമവും പോലീസ് പരിശോധനയും മാധ്യമസമൂഹത്തിന് നൽകുന്ന മുന്നറിയിപ്പാണ്.
സർക്കാരിനെതിരെ ആരും ഒരു വാർത്തയും കൊടുക്കാതെ പഞ്ചപുച്ഛമടക്കിയിരിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. എത്ര ഭീഷണി ഉണ്ടായാലും സർക്കാരിന്റെ ദുഷ് ചെയ്തികൾക്കെതിരെ പ്രതികരിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിലെ അക്രമത്തെയും പരിശോധനയെയും ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി.
ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധന നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്നും പറഞ്ഞു.
പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പോലീസ് നടപടികളാണ് പുരോഗമിക്കുന്നത്. മാധ്യമപ്രവർത്തകക്ക് നോട്ടീസ് നൽകിയതിനെ മഹാകാര്യമായി പ്രതിപക്ഷം പറയുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ആരോഗ്യസ്ഥിതി നോക്കിയല്ല പോലീസ് നോട്ടീസ് നൽകുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.