ഹാങ്ഝൗ: ചൈനയിൽ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ട് സ്വർണം. ഷൂട്ടിംഗിൽ ലോക റിക്കാർഡോടെയാണു സ്വര്‍ണനേട്ടം. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം സ്വർണം ഇന്ത്യ സ്വന്തമാക്കിയത്.
പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ രുദ്രാൻകഷ് പാട്ടീൽ, ഐശ്വരി പ്രതാപ് സിംഗ് തോമർ, ദിവ്യാൻഷ് സിംഗ് പൻവാർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.
1893.7 പോയിന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. സ്വർണം നേടിയ മൂന്ന് ഇന്ത്യൻതാരങ്ങളും വ്യക്തിഗത വിഭാഗത്തിലും ഫൈനലിലെത്തിയിട്ടുണ്ട്.
തുഴച്ചലിൽ രണ്ടു വെങ്കല മെഡൽ കൂടി ഇന്ത്യക്ക് ഇന്നു തുടക്കത്തിൽതന്നെ ലഭിച്ചു.
ആദ്യദിനമായ ഇന്നലെ തുഴച്ചിലിൽ മൂന്നു വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യക്കായി അരവിന്ദ് സിംഗ്, അർജുൻ ലാൽ ജട്ട് സഖ്യം വെള്ളി നേടി. പുരുഷ കോക്സ് ലെസ് പെയർ ഇനത്തിൽ ബാബുലാൽ യാദവ്, ലേഖ് റാം സഖ്യത്തിനാണ് വെങ്കലം.
പുരുഷ കോക്സഡ് 8 പോരാട്ടത്തിൽ ധനഞ്ജയ് ഉത്തം പാണ്ഡെയുടെ ക്യാപ്റ്റൻസിയിൽ നീരജ്, നരേഷ് കൽവാനിയ, നിതീഷ് കുമാർ, ചരഞ്ജിത് സിംഗ്, ജസ്വിന്തർ സിംഗ്, ഭീം സിംഗ്, പുനിത് കുമാർ, ആശിഷ് എന്നിവരുടെ സംഘം വെള്ളി സ്വന്തമാക്കി.
വനിതാ 10 മീറ്റർ എയർ റൈഫിളിൽ മെഹുലി ഘോഷ്, രമിത ജിൻഡാൽ, ആഷി ചൗധരി എന്നിവരടങ്ങിയ ടീം വെള്ളിനേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ രമിത ജിൻഡാൽ വെങ്കലവും നേടി.