പുതുക്കാട്: പാലപ്പിള്ളി തോട്ടം മേഖലയിൽ പശുക്കൾക്ക് നേരെയുള്ള ആസിഡ് ആക്രണം തുടർക്കഥയാകുന്നു. മേഖലയിൽ അഴിച്ചുവിട്ടു വളർത്തുന്ന പശുക്കൾക്ക് നേരെയാണ് ആസിഡ് ആക്രമണം നടക്കുന്നത്. ആസിഡ് വീണ് പശുക്കളുടെ ദേഹത്തുള്ള തൊലി അടർന്നു വീണ നിലയിലാണ്. ശരീരം പൊള്ളിയതോടെ പരാക്രമണത്തിലായ മാടുകൾ ഓടി നടക്കുന്ന ദയനീയ കാഴ്ച്ചയാണ് മേഖലയിലുള്ളത്.
കഴുത്തിൽ കയറില്ലാത്തതുമൂലം ഭൂരിഭാഗം മാടുകൾക്കും ചികിത്സ നൽകാനും കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ വ്യക്തികളുടെ തീറ്റതേടിയിറങ്ങുന്ന പശുക്കൾക്കാണ് പൊള്ളലേറ്റിരിക്കുന്നത്. കഴിഞ്ഞ വർഷവും തോട്ടം മേഖലയിൽ ഇരുപതിലേറെ മാടുകൾക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. പാഡികളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളാണ് പശുക്കളെ വളർത്തുന്നത്.
സ്ഥലപരിമിതി മൂലം റബർ തോട്ടങ്ങളിൽ അഴിച്ചുവിട്ടാണ് പശുക്കളെ വളർത്തുന്നത്. രാവിലെ മേയാൻ പോയ പശുക്കൾ വൈകിട്ടോടെയാണ് തിരിച്ചെത്താറുള്ളത്. മാടുകൾക്ക് നേരെ നടക്കുന്ന ആക്രണങ്ങളിൽ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ പരിസ്ഥിതി മിഷൻ വരന്തരപ്പിള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പോലീസിൽ പരാതി നൽകി.