ലോകമറിയുന്ന ഒരു മോഡലായി മാറുക എന്ന ആഗ്രഹവുമായി ജിവിച്ച രേഷം ഖാൻ എന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ടാണ് മൂന്നു മാസങ്ങൾക്കുമുന്‍പ് അവൾക്കു നേരെ ആസിഡ് ആക്രമണം നടന്നത്. 21-ാം പിറന്നാൾ ദിനത്തിലായിരുന്നു മുഖത്തിന്റെ ഒരു വശത്തും കഴുത്തിലും ഗുരുതരമായ പരിക്കുകൾ തീർത്ത ആക്രമണം. എന്നാൽ, തന്റെ ദുരവസ്ഥയിൽ പരിതപിച്ച് ഓടിയൊളിക്കാൻ അവൾ തയാറായിരുന്നില്ല. വേദനകളെല്ലാം കടിച്ചമർത്തി അവൾ ചികിത്സകൾ തുടർന്നു.
മൂന്നു മാസങ്ങൾക്കുശേഷം പൂർണമായും സുഖപ്പെട്ട തന്റെ മുഖത്തിന്റെ ചിത്രങ്ങൾ രേഷം തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു, ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടികൾക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് അവൾ തന്റെ ബ്ലോഗിലൂടെ ചികിത്സയ്ക്കിടെ താൻ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും ലോകവുമായി പങ്കുവച്ചു.
അവളുടെ അനുഭവക്കുറിപ്പുകൾ ആസിഡ് ആക്രമണത്തിന് ഇരയായ നിരവധിയാളുകൾക്ക് വൻ പ്രചോദനമായി. ഒടുവിൽ പൂർണമായും ഭേദപ്പെട്ട തന്റെ മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ രേഷ്മയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് ട്വിറ്റർ ലോകം.