കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടതാരമായ ആസിഫ് അലി സിനിമയിലെത്തിയിട്ട് പത്തുവർഷം. 2009ൽ ഋതുവിലൂടെ എത്തി 2019ൽ കുഞ്ഞെൽദേ വരെ എത്തി നിൽക്കുന്ന താരം തന്റെ പത്തുവർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ… ഞാൻ ഹാപ്പിയാണ്. 10 വർഷം എന്നത് സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം.
വർഷങ്ങൾ വളരെ വേഗമാണ് കടന്നുപോകുന്നതും ആസിഫ് അലി പറയുന്നു. എല്ലാം ഈശ്വരാനുഗ്രഹം. ഇരുപത്തിമൂന്നാം വയസിൽ സിനിമയിൽ എത്തുമ്പോൾ ബാച്ചിലറായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികളുടെ അച്ഛനുമായി. ഈ കാലഘട്ടത്തിൽ വ്യക്തി ജീവിതത്തിലും കരിയറിലും സംഭവിച്ച മാറ്റങ്ങൾ വളരെ വലുതാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തന്റെ ചുറ്റും ഇത്രയൊക്കെ കാര്യങ്ങൾ സംഭവിച്ചുവെന്നത് ഞാൻ തിരിച്ചറിയുന്നത്.
നായകനെന്ന നിലയിൽ പ്രക്ഷേകരുടെ ഇഷ്ടം നേടി മുന്നോറുമ്പോൾ വില്ലൻ കഥാപാത്രം ചെയ്യുന്നതിനെക്കുറിച്ച് ആസിഫ് വെളിപ്പെടുത്തിയതിങ്ങനെ… കരിയറിന്റെ തുടക്കം മുതൽ ഹീറോ എന്നതിൽ മാത്രം ഞാൻ നിന്നിട്ടില്ല. ഓർഡിനറിയിൽ വില്ലനായിട്ടും വെള്ളിമൂങ്ങയിൽ ഗസ്റ്റു റോളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അവതരിപ്പിക്കുന്ന കഥാപാത്രത്തിനും നല്ല ടീമിനൊപ്പവും വർക്ക് ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാനും ഞാൻ ശ്രദ്ധിച്ചിരുന്നുവെന്ന് താരം വ്യക്തമാകുന്നു.
സിനിമയിലെ ഏറെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ആസിഫ് തന്റെ ആദ്യ ഫ്രണ്ടിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. സിനിമയിൽ എത്തിയപ്പോൾ ആദ്യം കമ്പനിയായത് നടൻ ചാക്കോച്ചനോടാണ്. സീനിയറാണെന്ന ഒരു വ്യത്യാസവു മില്ലാതെ ഒരു അടുത്ത സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്.
നടനും നിർമാതാവും കടന്ന് സംവിധാന കുമ്മായമണിയുമോയെന്ന ചോദ്യത്തിനുള്ള താരത്തിന്റെ മറുപടി ശ്രദ്ധേയം. എന്റെ ചുറ്റും സിനിമയായിരിക്കണമെന്നും സിനിമയുടെ എല്ലാ മേഖലയും അറിയണമെന്നും ഒക്കെയാണ് തന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ എന്നെങ്കിലും സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ടെന്ന് ആസീഫ് പറയുന്നു.