കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ആ ചിരിയാണ്. പൊതുവേദിയില്‍ അപമാനിതനായിട്ടും അതു മനോഹരമായി മറച്ചുവച്ച് സദസിന്റെ പ്രൗഡിക്ക് ചേരുംവിധം പെരുമാറിയ നടന് ആസിഫ് അലിയുടെ ചിരി.
ആ ചിരി കണ്ടവരുടെ ഉള്ളൊന്നു പൊളളി. എന്നാല്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിലെ ഹവില്‍ദാര്‍ ഹേമന്ദ് ആര്.നായര്‍ ആ ചിരിക്ക് വേറൊരു അര്‍ഥമാണ് കണ്ടത്.
കേരള പോലീസിന്റെ ചിരി ഹെല്പ് ലൈനിന്റെ മുഖചിത്രമായി നടന് ആസിഫ് അലിയുടെ ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാം എന്നതായിരുന്നു അത്. ഇന്നലെ രാവിലെ 11.45 ന് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ചിരി ഹെല്പ് ലൈനിനെക്കുറിച്ചറിയാന് വിളിച്ചത് 193 ഫോണ്‍ കോളുകളാണ്.
പ്രതിദിനം 10 മുതല്‍ 15 വരെ കോളുകള്‍ മാത്രം വരാറുള്ള ചിരി ഹെല്പ് ലൈനിലേക്ക് ഇന്ന് രാവിലെ പത്തു വരെയാണ് 193 ഫോണ്‍ കോളുകളെത്തിയത്. കുട്ടികളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനായി കോവിഡ് കാലത്ത് രൂപം നല്കിയ പദ്ധതിയാണ് ചിരി (ചില്‍ഡ്രന്‍സ് ഹാപ്പിനെസ് ആൻഡ് ഇന്നസെന്‍സ് റിജോയിസിംഗ് ഇനീഷിയേറ്റീവ്).
കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പലപ്പോഴും സമകാലിക വിഷയങ്ങള്‍ എത്താറുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണവുമാണ് ലഭിക്കാറുള്ളത്.
സീമ മോഹന്‍ലാല്‍