സ്ത്രീകളുടെ സ്വാതന്ത്രത്തിനുവേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് നടി കൂടിയായ റിമ കല്ലിങ്കല്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയോ അവകാശങ്ങളോ ലഭിക്കുന്നില്ലെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള റിമ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ തന്റെ സങ്കടം എന്ന രീതിയില്‍ നടത്തിയിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ മനസ് തുറന്നത്. ആണ്‍പെണ്‍ വകതിരിവില്ലാതെ ഒരുപോലെ ജോലിചെയ്യുന്ന അവസ്ഥ നാം ജീവിക്കുന്ന ലോകത്തുണ്ട്. ഇവിടെയല്ല. ഇത്തരം ദുരനുഭവങ്ങള്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രമേ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കാരണം സിനിമയില്‍ വന്നകാലം മുതല്‍ കിട്ടേണ്ടതെല്ലാം ഞാന്‍ കൃത്യമായി ചോദിച്ച് വാങ്ങിയിട്ടുണ്ട്.
ഞാനും ആസിഫ് അലിയും സിനിമയില്‍ ഒന്നിച്ച് തുടക്കം കുറിച്ചവരാണ്. അവന്‍ ചോദിക്കുന്ന പ്രതിഫലം ഇന്നെനിക്ക് ചോദിക്കാന്‍ കഴിയുന്നില്ല. കിട്ടുന്നില്ല. അതാണ് പ്രധാന വകഭേദം. സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് അതിലും നല്ല ഉദാഹരണം നല്‍കാനുണ്ടോ എന്നും റിമ ചോദിക്കുന്നു. സിനിമ എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. എന്നും അങ്ങനെ ആയിരിക്കും. കരിയറിനായി ജേണലിസവും ഒരു പെര്‍ഫോമറെന്ന നിലയില്‍ ഡാന്‍സെന്ന കലാരൂപവും എനിക്ക് അറിയാം. സിനിമയില്‍ വരുന്നതിന് നാല് വര്‍ഷം മുന്‍പ് ഒരു ഇന്റര്‍നാഷണല്‍ ഡാന്‍സ് കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി പലനാടുകളിലും പോയിട്ടുണ്ട്. ഈ കലാരൂപത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഇറങ്ങി പുറപ്പെട്ടതാണ്. എന്നു കരുതി ആത്മാവ് വില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ശക്തമായ നിലപാട് എടുക്കണമെന്ന് മാത്രമാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളൂ. മനസ്സിലുള്ളത് തുറന്നു പറയണം. വിട്ടുവീഴ്ച ചെയ്താല്‍ വ്യക്തിത്വം നഷ്ടമാകും. റിമ പറയുന്നു. റിമയുടെ ഈ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ പുതിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.