സിനിമാ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ താരങ്ങളുടെ തമ്മിലടി. ആസിഫ് അലി നായകനാകുന്ന ബി.ടെക് എന്ന ചിത്രത്തിന്റെ ബംഗളൂരുവിലെ ലൊക്കേഷനിലാണ് തമ്മില്‍തല്ല് ഉണ്ടായത്. ആസിഫ് അലിയെ കൂടാതെ അപര്‍ണ്ണ ബാലമുരളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങി നിരവധി പേര് ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
സിനിമയില്‍ പോലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് താരങ്ങളെ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് ലാത്തിച്ചാര്‍ജ്ജിനായി നല്കിയ വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, സൈജു കുറുപ്പ് എന്നിവരുള്‍പ്പെടെ എല്ലാ താരങ്ങള്‍ക്കും പരുക്കേറ്റതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുകയും ചെയ്തു.
അഭിനയത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ യഥാര്‍ത്ഥത്തില്‍ തല്ലുകയായിരുന്നു. അടി കിട്ടിയതിനുശേഷം താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടു തട്ടിക്കയറിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കര്‍ണ്ണാടകയില്‍ നിന്നുള്ളവരായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. അതിനാല്‍ ഇവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനുള്ള ബുദ്ധിമുട്ടും തമ്മില്‍തല്ല് രൂക്ഷമാകാന്‍ കാരണമായി. സംഭവത്തിനു ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് സംവിധായകന് ദേഷ്യപ്പെട്ടു. ഇതോടെ അവര്‍ ഷൂട്ടിംഗ് ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.