ലിജിൻ കെ. ഈപ്പൻ
“മുൻ വർഷങ്ങൾപോലെ തന്നെ ഈ വർഷവും എന്നെ തേടി വന്ന ചിത്രങ്ങളാണ് ചെയ്തത്. അഭിനയരംഗത്തെത്തി പത്തു വർഷം പിന്നിടുന്നു. ഒന്നും പ്ലാൻ ചെയ്തതല്ല. ഇക്കാലയളവിലെ എക്സ്പീരിയൻസ് പുതിയ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധ നൽകാൻ കാരണമായിട്ടുണ്ട്.
അതു ബോധപൂർവമുള്ളതല്ലെങ്കിലും ഈ വർഷമാണ് അതിന്റെ വ്യത്യാസം കൂടുതലായി പ്രതിഫലിക്കാൻ തുടങ്ങിയത്.” – നായകനെന്ന സേഫ് സോണിൽ മാത്രം നിൽക്കാതെ വിവിധ വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലി പിന്നിട്ട പാതകളെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നു…
തുടർച്ചയായി മികച്ച സിനിമകളുടെയും വിജയങ്ങളുടെയും ഭാഗമാകാൻ സാധിച്ചല്ലോ?
വിജയ് സൂപ്പറും പൗർണമിയുമായിരുന്നു ഈ വർഷത്തെ ആദ്യ വിജയം. പിന്നാലെ ഉയരേയും വൈറസും കക്ഷി അമ്മിണിപ്പിള്ളയും മേരാ നാം ഷാജിയുമെല്ലാം ശ്രദ്ധ നേടിത്തന്നു. മൊത്തത്തിൽ സിനിമകളുടെ എണ്ണം കുറച്ച് കഥ കേൾക്കുന്നതിലും അതിന്റെ തെരഞ്ഞെടുപ്പിലും ഒരു കൃത്യത ഉണ്ടാക്കി. ഒരുപാട് ആഗ്രഹിച്ച് സിനിമയിൽ എത്തിയ ആളാണ് ഞാൻ. അതുകൊണ്ടു തന്നെ എക്സൈറ്റ്മെന്റ് ഇപ്പോഴും കൂടുതലാണ്.
നടൻ എന്ന നിലയിൽ മുന്പ് ഒരു തിരക്കഥയിൽ നമ്മളെടുക്കുന്ന എഫോർട്ട് കുറവായിരുന്നു. ഇത്രയും സിനിമകളിൽ അഭിനയിച്ചതിന്റെയും നല്ല സിനിമകളുടെ ഭാഗമായതിന്റേയും അനുഭവം ഇപ്പോഴുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിരിക്കാം. അതാണ് ഈ വർഷം നല്ല വിജയങ്ങളും അഭിപ്രായങ്ങളും സമ്മാനിച്ചതിന്റെ കാരണമെന്നു ഞാൻ വിശ്വസിക്കുന്നു.
കരിയിന്റെ പത്താം വർഷം പിന്നിടുന്ന വേളയിൽ തിരിഞ്ഞുനോക്കുന്പോൾ?
വളരെ വേഗം പത്തു വർഷം കടന്നു പോയിരിക്കുന്നു. ഈശ്വരാനുഗ്രഹത്താൽ ഇത്രയും നാൾ സിനിമകൾ ചെയ്യാൻ സാധിച്ചു. ഈ കാലഘട്ടത്തിൽ വ്യക്തി ജീവിതത്തിലും കരിയറിലും സംഭവിച്ച മാറ്റങ്ങൾ വളരെ വലുതായിരുന്നു. ഇരുപത്തി മൂന്നാം വയസിൽ സിനിമയിൽ എത്തുന്പോൾ ഞാൻ ബാച്ച ് ലറായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു, രണ്ടു കുട്ടികളുടെ പിതാവായി. ഇപ്പോൾ തിരിഞ്ഞുനോക്കുന്പോഴാണ് എന്റെ ചുറ്റും ഇത്രയൊക്കെ കാര്യങ്ങൾ സംഭവിച്ചു എന്നു തിരിച്ചറിയുന്നത്.
നായകനായി നിൽക്കുന്ന സമയത്ത് ഉയരേയിലെ നെഗറ്റീവ് കഥാപാത്രം റിസ്ക് ആയിരുന്നില്ലേ?
കരിയറിന്റെ തുടക്കം മുതൽ ഹീറോ എന്നതിൽ മാത്രം ഞാൻ നിന്നിട്ടില്ല. നായക കഥാപാത്രം ചെയ്യുന്ന സമയത്താണ് ഓർഡിനറിയിൽ വില്ലൻ വേഷം അവതരിപ്പിച്ചത്. പിന്നീടു പല സിനിമകളിലും ഗസ്റ്റ് റോളും ക്യാരക്ടർ റോളുകളും ചെയ്തു. അവിടെയൊക്കെ നമ്മൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിനാണു പ്രാധാന്യം കൊടുത്തത്. ഒപ്പം നല്ല ടീമിനൊപ്പം വർക്ക് ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാനുമുള്ള എക്സൈറ്റ്മെന്റ് എന്നുമുണ്ടായിരുന്നു.
ഉയരേ ചെയ്യുന്ന സമയത്ത് ഫാമിലി ഓഡിയൻസിനിടയിൽ നല്ലൊരു സ്വീകാര്യത ഉള്ളപ്പോൾ നെഗറ്റീവ് കഥാപാത്രം ചെയ്യണോ എന്ന് അടുത്ത സുഹൃത്തുക്കൾ പോലും ചോദിച്ചതാണ്. ഒരു സിനിമയിൽ ട്വിസ്റ്റോ ടേണിംഗ് പോയിന്റോ വരുന്പോൾ ഞാൻ നായകനായതുകൊണ്ട് നല്ലതു മാത്രമേ സംഭവിക്കൂ എന്ന മുൻ ധാരണ പ്രേക്ഷകർക്ക് ഉണ്ടാകരുതെന്നു ചിന്തിക്കാറുണ്ട്. പിന്നെ ട്രാഫിക്, നിർണായകം എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ എനിക്കു നൽകിയിട്ടുള്ള ബോബി- സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കൾ ഉയരേയിലേക്ക് വിളിക്കുന്പോൾ അത് വെറുതെ ആയിരിക്കില്ല എന്നെനിക്കറിയാം.
വൈറസിൽ പ്രക്ഷകരുടെ സ്നേഹം നേടിയ കഥാപാത്രത്തെയാണല്ലോ അവതരിപ്പിച്ചത്?
പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ കഥാപാത്രമാണ് സോൾട്ട് ആൻഡ് പെപ്പറിലെ മനു. ആ ചിത്രം കഴിഞ്ഞ് ആറു വർഷത്തിനു ശേഷമാണ് സംവിധായകൻ ആഷിഖ് അബു എന്നെ പുതിയൊരു സിനിമയിലേക്കു വിളിക്കുന്നത്. നിപ്പ ഭീതിയെക്കുറിച്ചും അതിൽ നിന്നുള്ള നമ്മുടെ അതിജീവനവുമൊക്കെ കേന്ദ്രീകരിച്ച് ആഷിഖ് അബു ഒരു സിനിമ ചെയ്യുന്പോൾ അത് മലയാള സിനിമയിൽ ഒരു നാഴികക്കല്ലാകും എന്നുറപ്പായിരുന്നു. പിന്നെ എന്റെ എല്ലാ സുഹൃത്തുക്കളും ഒത്തുചേർന്ന ഒരു റീയൂണിയൻ പോലെയായിരുന്നു വൈറസിന്റെ ലൊക്കേഷനും.
സേഫ് സോണിൽ മാത്രം നിൽക്കാതെ വൈവിധ്യങ്ങളായ സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടല്ലോ?
വിവിധ കഥകളിൽ നിന്നും നല്ലതു തെരഞ്ഞെടുക്കാനുള്ള അവസരം എനിക്കിന്നു കിട്ടുന്നുണ്ട്. നല്ല തിരക്കഥകളിൽ മാത്രം അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ഐഡന്റിറ്റിയുള്ള സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ബോക്സോഫീസിൽ ചിലപ്പോൾ പ്രതീക്ഷിച്ച ഫലം എല്ലാ ചിത്രങ്ങൾക്കും കിട്ടണമെന്നില്ല.
ഞാൻ മുന്പ് പറഞ്ഞതുപോലെതന്നെ, നമ്മളെ വിശ്വസിച്ച് പൈസ മുടക്കി സിനിമ കാണാനെത്തുന്ന പ്രേക്ഷകരോടും നമ്മളെ വിശ്വസിച്ച് പണം മുടക്കുന്ന നിർമ്മാതാവിനോടുമാണ് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നത്. ആ രണ്ടു വിഭാഗത്തിന്റെയും സന്തോഷമാണ് ഒരു സിനിമയുടെ വിജയമായി ഞാൻ കാണുന്നത്.
പുതിയ പ്രൊജക്ടുകൾ?
കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് ഉടൻ തിയറ്ററിലെത്തുന്നത്. ബാച്ചലറായി ജീവിച്ച ഒരാൾ വിവാഹ ശേഷം അഭിമുഖീകരിക്കുന്ന വളരെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. അരുണ് കുമാർ അരവിന്ദ് സംവിധാനം ചെയ്ത അണ്ടർവേൾഡാണ് മറ്റൊന്ന്. തീർത്തും ആക്ഷൻ ജോണറിലുള്ള ഒരു ചിത്രമാണത്. മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോയാണ് ഇപ്പോൾ ചെയ്യുന്നത്. ഇനി രാജീവ് രവി സംവിധാനം ചെയ്യുന്ന പോലീസ് കഥ പറയുന്ന ചിത്രമാണുള്ളത്.
മലയാളത്തിൽ ഇന്നു നിരവധി യുവതാരങ്ങളുണ്ട്. ഒപ്പം പുതിയ ആൾക്കാരും എത്തുന്നു. മത്സരം ഉണ്ടോ?
സിനിമയിൽ വന്ന സമയത്ത് പൃഥ്വിരാജ്, ചാക്കോച്ചൻ, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർക്കു ശേഷം യുവതാരം ഞാൻ മാത്രമായിരുന്നു. അക്കാലത്ത് അവർ വേണ്ടെന്നു വയ്ക്കുന്ന സിനിമകൾ ചെയ്താണു ഞാൻ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.
പക്ഷേ, പിന്നീടുണ്ടായ മാറ്റത്തിൽ എല്ലാ മേഖലയിലും പുതിയ ആൾക്കാർ വന്നു. നമ്മളെക്കുറിച്ചു ചിന്തിച്ച്, നമുക്കു വേണ്ടി ഇവിടെ കഥകൾ ഉണ്ടാകാൻ തുടങ്ങി. അതു വളരെ നല്ലൊരു മാറ്റമായിരുന്നു. അതിനൊപ്പം വളരെ ഹെൽത്തി ആയ മൽസരവുമുണ്ട്. അതു കൂടുതൽ പണിയെടുക്കാനും മറ്റു സിനിമകൾ നിരീക്ഷിക്കാനും നല്ല ടീമിന്റെ ഭാഗമാകാനും നമ്മളെ പ്രേരിപ്പിക്കുന്നു.
കൂടുതൽ സമയവും കുടുംബത്തിനൊപ്പമാണല്ലോ?
കുട്ടികൾ രണ്ടുപേരും എനിക്കായി കാത്തിരിക്കുകയാണ്. മകൻ ആദമിനു അഞ്ച് വയസും മകൾ ഹയയ്ക്കു രണ്ടു വയസുമായി. മുന്പ് ഷൂട്ടിംഗ് കഴിഞ്ഞാൽ സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നെങ്കിൽ ഇപ്പോൾ അത് മാറി. കൂടുതൽ സമയവും കുടുംബത്തിനൊപ്പമാണ്. കുട്ടികളോടൊപ്പമാകാൻ സമയം നീക്കിവയ്ക്കുന്നു. ചിലപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അവരെത്താറുണ്ട്. പൂർണമായി ഒരു ഫാമിലി മാനായി എന്നു പറയാം.