കൊച്ചി: സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ പ്രതികരണവുമായി ആസിഫ്.
രമേശ് നാരായണനും താനും തമ്മിൽ പ്രശ്നങ്ങളില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും അതെന്ന് ആസിഫ് പറഞ്ഞു. സന്ദർഭോചിതമായ പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽവിഷമവുമില്ലന്ന് താരം വ്യക്തമാക്കി.
എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അറിയിച്ചു.
എല്ലാ പിന്തുണകൾക്കും നന്ദി അറിയിക്കുന്നു എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരേ ആകരുത്. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.