ആലപ്പുഴ: ആലപ്പുഴയിൽ ആരംഭിച്ച ഏഷ്യൻ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം 62 പോയിന്റോടെ ആതിഥേയരായ ഇന്ത്യ കുതിപ്പ് തുടങ്ങി. ഏഴ് മത്സരങ്ങൾ പൂർത്തീകരിച്ചപ്പോൾ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കല മെഡലും നേടിയാണ് ഇന്ത്യയുടെ കുതിപ്പ്. കസാക്കിസ്ഥാൻ, സിംഗപ്പൂർ, ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഒന്നു വീതം മെഡലുമായി പിന്നിലുണ്ട്. മാസ്റ്റേഴ്സ് 59 കിലോഗ്രാം വിഭാഗത്തിൻ ശ്രീനിവാസനും, സബ്ജൂണിയർ 59 കിഗ്രാം വിഭാഗത്തിൽ അരുണ്‍ ജേക്കബും, മാസ്റ്റേഴ്സ് ഫോർ 59 കെ. വിഭാഗത്തിൽ മോഹൻദത്തും ഇന്ത്യക്കായി സ്വർണം നേടി.
സബ്ജൂണിയർ 59 കിഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ മിഹിർ സോണിക്കാണ് വെള്ളി. ഓപ്പണ്‍ മെൻ 59 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് വെങ്കലവും മാസ്റ്റേഴ്സ് വണ്‍ 59 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ എൻ. ഈശ്വരൈ വെള്ളിയും നേടി. ഒന്പതുവരെ നടക്കുന്ന മത്സരങ്ങളിൽ 18 രാജ്യങ്ങളിൽനിന്ന് 200 താരങ്ങൾ മാറ്റുരയ്ക്കും. 80 പേരടങ്ങുന്നതാണ് ഇന്ത്യൻ സംഘം.
ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഏഷ്യൻ പവർ ലിഫ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ് ഫർഷിത് സുൽത്താൻ നിർവഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജേഷ് തിവാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ചാവുച്ചയൽ, ഇന്ത്യൻ പവർ ലിഫറ്റിംഗ് ഫെഡറേഷൻ ദേശീയ സെക്രട്ടറി പി.ജെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.