കൊച്ചി: വിദ്യാഭ്യാസ അവകാശത്തിനായി എട്ടാം ക്ലാസുകാരൻ ആസിം വെളിമണ്ണ നടത്തുന്ന സഹനസമരയാത്ര എറണാകുളത്തു പര്യടനം നടത്തി. ജന്മനാ കൈകളില്ലാതെയും കാലിനു ബലക്ഷയത്തോടെയും ജനിച്ച ആസിം ഏഴാം ക്ലാസുവരെ കോഴിക്കോട് ജില്ലയിലെ വെളിമണ്ണ ഗവണ്മെന്റ് യുപി സ്കൂളിലാണ് പഠിച്ചത്. ഇവിടെ ഹൈസ്കൂൾ പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് വെളിമണ്ണ മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ ആസിം സഹനയാത്ര നടത്തുന്നത്.
വ്യാഴാഴ്ചയാണ് യാത്ര എറണാകുളത്തെത്തിയത്. ഇന്നലെ എറണാകുളം നഗരത്തിൽ പര്യടനം നടത്തി. ഇന്നു നെട്ടൂരിലേക്കും അവിടെനിന്നു നാളെ എഴുന്നുപുന്നയിലേക്കും പോകും. വെളിമണ്ണ ഗവ. യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യമുന്നയിച്ച് ആസിം ഹൈക്കോടതിയിൽ ഹർജി നൽകി അനുകൂലമായ വിധി നേടിയിരുന്നു. വിധിക്കെതിരേ സർക്കാർ അപ്പീൽ സമർപ്പിച്ചതോടെ ആസിമിന്റെ തുടർപഠനം വീണ്ടും പ്രതിസന്ധിയിലായി.
സർക്കാർ അപ്പീൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ആസിം സഹനയാത്ര നടത്തുന്നത്. ഫെബ്രുവരി 15ന് വെളിമണ്ണയിൽ നിന്നാരംഭിച്ച യാത്ര ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും അതിന് മുൻപു തന്നെ അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ആസിം പത്രസമ്മേളനത്തിൽ പറഞ്ഞു.
അല്ലാത്തപക്ഷം നിരാഹാരസമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തും. പത്രസമ്മേളനത്തിൽ ആസീമിന്റെ പിതാവ് മുഹമ്മദ് ഷാഹിദ്, ജാഥ ക്യാപ്റ്റൻ ഹാരിസ് രാജ്, ടി.എ. മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.