മുക്കം: തുടർപഠനത്തിന് സൗകര്യമൊരുക്കാൻ യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്. ഓമശേരി ഗ്രാമപഞ്ചായത്തിലെ വെളിമണ്ണ ജിഎംയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇരുകൈകളുമില്ലാത്ത മുഹമ്മദ് ആസിം ആണ് മുഖ്യമന്ത്രിക്ക് കാലു കൊണ്ട് കത്ത് എഴുതിയത്. ജന്മനാ കൈകളില്ലാത്ത ആസിമിന് കാലിനും വൈകല്യങ്ങളുണ്ട്.
സ്വന്തമായി സ്കൂളിൽ പോവാനോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ കഴിയില്ല. ഭക്ഷണം നൽകാനും പ്രാഥമിക കാര്യങ്ങൾക്ക് സഹായിക്കാനും പലതവണ രക്ഷിതാക്കൾ സ്കൂളിൽ എത്തണം. എട്ടാം ക്ലാസിൽ പഠിക്കാൻ ആറ് കിലോമീറ്ററിൽ അധികം യാത്ര ചെയ്ത് അടുത്തുള്ള ഹൈസ്കൂളിലേക്ക് പോകണം. ഇതിന് തനിക്ക് കഴിയില്ലെന്ന് ആസിം കത്തിൽ ചൂണ്ടിക്കാട്ടുന്നു. പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും മാതാവ് ജാസ്മിനും തോളിലേറ്റിയാണ് ആസിമിനെ സ്കൂളിൽ കൊണ്ട് വിടുന്നത്.
നാലാം ക്ലാസിൽ പഠിക്കുന്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആസിം കത്തെഴുതി. തന്റെ സ്കൂൾ യുപി സ്കൂൾ ആക്കി ഉയർത്തണമെന്ന്. പിന്നീട് എല്ലാം ഞൊടിയിടയിൽ ആയിരുന്നു. പ്രത്യേകമന്ത്രി സഭ ചേർന്ന് വെളിമണ്ണ എൽപി സ്കൂൾ യുപി സ്കൂളായി സർക്കാർ ഉയർത്തി.
ഹൈസ്കൂളായി ഉയർത്തണമെന്ന ആസിമിന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്. എല്ലാ ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ സ്കൂളിലുണ്ടന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. 17 ക്ലാസ് മുറികൾ ഉള്ള സ്കൂളിൽ നാല് പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സ്കൂളിനായി ജനകീയ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രവാസി ഓൾഡ് സ്റ്റുഡന്റ്സ്, സ്കൂൾ അപ്ഗ്രഡേഷൻ കമ്മറ്റി എന്നീ രണ്ട് വാട്സ് അപ്പ് കൂട്ടായ്മകളും കർമനിരതരായി രംഗത്തുണ്ട്. ഹൈസ്കൂളായി ഉയർത്തുകയാണങ്കിൽ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനും നാട്ടുകാർ ഒരുക്കമാണ്. ഇതിനായി സ്ഥലവും കണ്ടത്തിയിട്ടുണ്ട്. സർക്കാർ തന്റെ അപേക്ഷ പരിഗണിക്കുമെന്ന് തന്നെയാണ് ആസിമിന്റെ വിശ്വാസം.