വൈപ്പിന്‍: പ്രവേശനോത്സവത്തില്‍ ഊരും പേരും, മാതാപിതാക്കളുടെ പേരുമൊക്കെ പറഞ്ഞ് പരിചയപ്പെടുത്തി അഞ്ചു വയസുകാരനായ അസിന് ബാനര്‍ജി ബംഗാള്‍വിട്ട് മലയാള നാട്ടിലെ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി.
ചെറായി സഹോദരന് സ്മാരക എല്‍പി സ്കൂളിലാണ് അസിന് പഠിക്കാന്‍ ചേര്‍ന്നത്. വീട്ടില്‍ മാതാപിതാക്കള്‍ സംസാരിക്കുന്ന ബംഗാളി ഭാഷമാത്രം കേട്ട് വളര്‍ന്ന അസിന് മലായാളം പറയില്ലെന്ന് മാത്രമല്ല കേട്ടാലും മനസിലാകില്ല.
പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ രത്തന്‍പൂര്‍ ഗ്രാമത്തിലെ ദശരഥ് ബാനര്‍ജിയുടേയും മേരി ബാനര്‍ജിയുടേയും രണ്ടാമത്തെ മകനാണ് അഞ്ചുവയസുകാരനായ അസിന്.
ജ്യേഷ്ഠന് അസിതുല് ബാനര്‍ജി ഇതേ സ്കൂളില്‍ ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നുണ്ട്. ആക്രികച്ചവടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21 വര്‍ഷമായി ചെറായിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയാണ് ദശരഥ്.
ഭാര്യക്ക് ഒട്ടും മലയാളം അറിയില്ലെങ്കിലും ദശരഥിനു അല്പം മലയാളമൊക്കെ അറിയാം. ഇടയ്ക്കിടെ നാട്ടില്‍ പോകും. നാട്ടില്‍ സ്വന്തമായി വീടും പുരയിടവുമൊക്കെയുണ്ടെങ്കിലും ദശരഥിനു സ്വന്തം നാട് കേരളമാണ്.
അതുകൊണ്ടാണ് മക്കളെ നാട്ടില്‍ പഠിപ്പിക്കാതെ കേരളത്തില്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദശരഥ് ഇവിടെ വോട്ടും രേഖപ്പെടുത്തി. മൂന്നാമത്തെ കുട്ടിയായ ശായിദ ബാനര്‍ജിയേയും കേരളത്തില്‍ തന്നെ പഠിപ്പിക്കാനാണ് ദശരഥിന്റെ തീരുമാനം.