മാള: ജോലിസമയത്ത് മദ്യലഹരിയിലായിരുന്ന എഎസ്ഐയെ ജനങ്ങളുടെ പരാതിയെത്തുടർന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനൊരുങ്ങവേ മുങ്ങി. കഴിഞ്ഞദിവസം അന്നമനടയിലാണ് സംഭവം. ചാലക്കുടി പുഴയിലെ ചൂണ്ടാണികടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായ സംഭവത്തിൽ ഡ്യൂട്ടിയ്ക്ക് ചുമതലയുണ്ടായിരുന്നത് ഈ എഎസ്ഐയ്ക്കാണ്.
കാണാതായ യുവാവിനു വേണ്ടിയുള്ള തെരച്ചിൽ നടക്കുന്ന സമയത്ത് ഇവിടെയെത്തിയ ജനങ്ങളെ നിയന്ത്രിക്കുന്ന ചുമതലയാണ് എഎസ്ഐക്ക് ഉണ്ടായിരുന്നത്. ജോലിക്കിടയിൽ മദ്യലഹരിയിൽ കണ്ടവരെയൊക്കെ ചീത്തവിളിക്കാൻ തുടങ്ങിയതോടെ വിവരങ്ങൾ ജനങ്ങളിലാരോ എസ്ഐയെ അറിയിക്കുകയായിരുന്നു. സംഗതി പന്തിയല്ലെന്നു മനസിലാക്കിയ എസ്ഐ ഉടനെ സ്ഥലത്തെത്തി. എഎസ്ഐ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതോടെ വൈദ്യപരിശോധന നടത്താൻ തീരുമാനിച്ചു.
ജീപ്പിൽ കയറ്റികൊണ്ടുപോകാനൊരുങ്ങവേ കുറ്റാരോപിതനായ എഎസ്ഐ കടന്നുകളയുകയായിരുന്നു.ഈ വിവരങ്ങൾ സ്റ്റേഷനിലെ ദൈനംദിനകാര്യങ്ങൾ രേഖപ്പെടുത്തുന്ന ജിഡിയിൽ എഴുതി ചേർത്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുറ്റാരോപിതനായയാൾക്കെതിരെ ഡിപ്പാർട്ട്മെന്റ്തല നടപടിയുണ്ടാകുമെന്നാണറിയുന്നത്.