ടൊറേന്റോ: “പാക്കിസ്ഥാനിലെ മതനിന്ദാവിരുദ്ധ നിയമം ന്യൂനപക്ഷങ്ങൾക്കുമേൽ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളാണ്. മതഭ്രാന്താണ് എന്നെ തടവിലിട്ടത്.
തടവറയിൽ കൂട്ടുണ്ടായിരുന്നത് കണ്ണീർ മാത്രം.” – പറയുന്നത് മതനിന്ദ ക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് എട്ടു വർഷം നരകയാതന അനുഭവിച്ചശേഷം പാക്കിസ്ഥാനിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞ നാല്പത്തേഴുകാരി ക്രൈസ്തവ വീട്ടമ്മ ആസിയ ബീബി.
കാനഡയിൽ രഹസ്യമായി കഴിയുന്ന ആസിയായുടെ ആത്മകഥ ‘ഒടുക്കം സ്വതന്ത്ര’ പുറത്തുവന്നു. ആസിയയുടെ മോചനത്തിനായി പോരാടിയ മാധ്യമപ്രവർത്തക ഇസബെൽ ആൻ ടൊളെറ്റ് ആണ് രചയിതാവ്. ഫ്രഞ്ചിലാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പ് (ഫൈനലി ഫ്രീ)നവംബറിൽ പ്രസിദ്ധീകരിക്കും.
അഞ്ചു കുട്ടികളുടെ അമ്മയായ ആസിയയ്ക്ക് 2010ലാണ് വധശിക്ഷ വിധിച്ചത്. അയൽക്കാരുമായുള്ള വഴക്കിനിടെ മതനിന്ദക്കുറ്റം ചെയ്തെന്നായിരുന്നു ആരോപണം. കാര്യമായ തെളിവുകളൊന്നുമില്ലായിരുന്നു.
ബീബിയെ പിന്തുണയ്ക്കുകയും മതനിന്ദാ നിയമത്തിനെതിരേ പരസ്യനിലപാടു സ്വീകരിക്കുകയും ചെയ്തതിന്റെ പേരിൽ പാക് പഞ്ചാബ് ഗവർണർ സൽമാൻ തസീർ, പാക് ന്യൂനപക്ഷകാര്യമന്ത്രി ഷഹബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ കൊലപ്പെടുത്തി.
പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടേണ്ടിവരുന്ന പീഡനങ്ങളും ജയിലിലെ നരകയാതനകളുമാണ് ആത്മകഥയിൽ വിവരിക്കുന്നത്. “ എന്റെ കഥ മാധ്യമങ്ങളിലൂടെ എല്ലാവർക്കും അറിയാം.
പക്ഷേ, ജയിലിൽ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ അറിയില്ല. കഴുത്തിൽ ഇരുന്പുകോളറും കൈയിൽ ചങ്ങലയുമുണ്ടായിരുന്നു. ജയിൽ ഗാർഡുകൾ നട്ട് ഉപയോഗിച്ച് കോളർ മുറുക്കും. ഒരിക്കലും വിട്ടൊഴിയാതെ മരണഭീതിയും.”
2018ൽ പാക് സുപ്രീംകോടതി ആസിയയെ കുറ്റവിമുക്തയാക്കി. പക്ഷേ, മതഭ്രാന്തന്മാർ രാജ്യത്ത് കലാപം സൃഷ്ടിച്ചപ്പോൾ ആസിയയുടെ മോചനം വൈകി. പാക് സർക്കാർ അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചു.
വിദേശരാജ്യങ്ങളുടെ സമ്മർദംമൂലം ഒടുവിൽ കഴിഞ്ഞ മേയിൽ കാനഡയിലേക്കു പോകാൻ സമ്മതിച്ചു. സുരക്ഷ മുൻനിർത്തി ആസിയയും കുടുംബവും കാനഡയിൽ താമസിക്കുന്ന സ്ഥലം രഹസ്യമാക്കി വച്ചിരിക്കുകയാണ്.
തനിക്കു രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും പാക്കിസ്ഥാനിലുള്ള ക്രൈസ്തവരുടെ കാര്യത്തിൽ ആസിയ ഉത്കണ്ഠപ്പെടുന്നു. അവർ പ്രതികാരത്തിന് ഇരയായേക്കാം. കാനഡ അഭയം നല്കിയതിൽ ആസിയ നന്ദി പ്രകടിപ്പിക്കുന്നു.
പക്ഷേ, പിറന്ന നാട് ഉപേക്ഷിച്ചതിലുള്ള ദുഃഖം സഹിക്കാനാകുന്നില്ല. സ്വന്തം നാട്ടിൽ ഇനിയൊരിക്കലും കാലുകുത്താനാകുമെന്ന പ്രതീക്ഷയും അവർക്കില്ല.