ചാവശേരി: റോഡരികിലെ വൈദ്യുതി തൂണുകൾ അപകട ഭീഷണിയുണ്ടാക്കുന്നു. വെളിയമ്പ്ര കൊട്ടാരം – കാഞ്ഞിരംകരി റോഡിൽ പഴശി പദ്ധതിയുടെ നീർപാലത്തിന് സമീപത്താണ് ഏതു സമയവും നിലംപതിക്കാമെന്ന നിലയിൽ വൈദ്യുതി തൂണുകളുള്ളത്.
ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച നാല് കോൺക്രീറ്റ് തൂണുകളാണ് റോഡിലേക്ക് വീഴാവുന്ന അവസ്ഥയിൽ ചരിഞ്ഞു കിടക്കുന്നത്. ഒരു തൂണിന്റെ അടിഭാഗം തകർന്നു കിടക്കുകയാണ്.
നിരവധി വീടുകളിലേക്കും മറ്റും വൈദ്യുതിയെത്തിക്കുന്നതിനാണ് ഇവിടെ തൂണുകൾ സ്ഥാപിച്ചത്. ഇവിടെ നിന്നാണ് വൈദ്യുതി ഓഫ് ചെയ്യുന്നതും.
നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും ഉൾപ്പെടെ കടന്നുപോകുന്ന റോഡിൽ അപകട ഭീഷണിയായ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മട്ടന്നൂർ കെഎസ്ഇബി അധികൃതരോട് പരാതിപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.