കൊച്ചി: ആധാര്‍ എടുക്കാന്‍ ഏതു അക്ഷയകേന്ദ്രത്തിലും സാധിക്കും. എന്നാല്‍ ആധാര്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തില്‍ ഒരു സ്ഥാപനമുണ്ട്.
അത് കൊച്ചിയിലാണ്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഇവര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സേവനം ആരംഭിച്ചു കഴിഞ്ഞു.
ആധാര്‍ വിവരങ്ങള്‍ പുതുക്കാനാവാതെ നിങ്ങള്‍ ബുട്ടിമുട്ട് നേരിടുന്നുണ്ടോ? ഇതിനായി പല തവണ ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ കഴിയാതിരുന്നിട്ടുണ്ടോ? നിങ്ങള്‍ക്ക് കൊച്ചിയിലെ ആധാര്‍ സേവാ കേന്ദ്രം (ആസ്ക്) സഹായകമാവും.
പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളെ മാതൃകയാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) രാജ്യത്തെ വിവിധ നഗരങ്ങളിലായി ആസ്കുകള് ആരംഭിച്ചത്.
ആദ്യത്തെ ആസ്ക്
കേരളത്തിലെ ആദ്യത്തെ ആസ്ക് കൊച്ചിയിലാണുള്ളത്. പാലാരിവട്ടം എന്‍എച്ച് ബൈപ്പാസില്‍ സിഗ്നല്‍ പോയിന്റിനു സമീപം ചാക്കോസ് ചേംബേഴ്സിന്റെ താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2000 സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള മുറി പൂര്‍ണമായും എസിയാണ്. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആസ്കിനെ സമീപിക്കാം.
അത്യാധുനിക സൗകര്യങ്ങളാണ് പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ ആസ്കിലെത്തുന്നവരെ കാത്തിരിക്കുന്നത്. ശനിയും ഞായറും അടക്കമുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തന സമയം.
പാസ്പോര്‍ട്ട് എടുക്കുന്നതുപോലെ മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി വാങ്ങി ആധാര്‍ എടുക്കാം. യുഐഡിഎഐയുടെ വെബ് സൈറ്റ് വഴി ബുക്ക് ചെയ്തു വേണം ആസ്കിനെ സമീപിക്കാന്‍.
കേന്ദ്രം തെരഞ്ഞെടുത്തശേഷം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്കി നിങ്ങള്‍ക്ക് സേവനം വേണ്ട ദിവസവും സമയവും തെരഞ്ഞെടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ആസ്കിലെത്തുന്നവര്ക്കും അവിടെത്തന്നെ രജിസ്ട്രര്‍ ചെയ്യാം.
പ്രവർത്തനം വ്യത്യസ്തം
സാധാരണ ആധാര്‍ കാര്‍ഡ് എടുക്കുന്ന അക്ഷയ സെന്ററുകളില്‍നിന്നും വ്യത്യസ്തമാണ് പ്രവര്‍ത്തന രീതിയെന്ന് കൊച്ചി കേന്ദ്രത്തിന്റെ മാനേജര്‍ വി.എസ്. ജിജി പറഞ്ഞു. ഒരു ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അക്ഷയ സെന്ററുകള്‍ക്ക് നേരിട്ട് യുഐഡിഎഐയുമായി ബന്ധപ്പെടാന്‍ ആകില്ലെന്ന് അദേഹം പറഞ്ഞു.
അക്ഷയ സെന്ററുകള്‍ക്ക് ഹെല്പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. കൂടാതെ അവര്‍ക്ക് ജില്ലാ കോഡിനേറ്റര്‍ക്ക് ഇമെയില്‍ അയക്കാം. ജില്ലാ കോഡിനേറ്റര്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ക്ക് അയക്കും. സ്റ്റേറ്റ് കോഡിനേറ്റര്‍ യുഐഡിഎഐയുമായി ബന്ധപ്പെടും. എന്നാല്‍ ആസ്കില്‍ നേരിട്ട് ബന്ധപ്പെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും.
ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. അത് പരിഹരിക്കുന്നതിന് ആസ്കിന് സാധിക്കും, ജിജി പറഞ്ഞു. ആസ്കില്‍ ഒരേ സമയം 12 പേര്‍ക്ക് സേവനം നല്കാന് സാധിക്കും.
25 പേര്‍ക്ക് സെന്ററിനുള്ളില്‍ ഇരിക്കാനുള്ള സംവിധാനമുണ്ട്. ഭിന്നശേഷി സൗഹൃദമാണ് കേന്ദ്രം. രാജ്യത്ത് ആരംഭിച്ച 114 ആധാര്‍ സേവ കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയിലേത്.
അഞ്ച്, പതിനഞ്ച് വയസിനുശേഷം അപ്ഗ്രേഡ് ചെയ്യാതെ പോകുന്ന കുട്ടികളുടെ ആധാര്‍ സംബന്ധിച്ച പരാതികള്‍ ധാരാളം വരുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും ഇവിടെ ആളുകള്‍ എത്തുന്നുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും രണ്ടെണ്ണം വീതമാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ, പാലാരിവട്ടത്തെ സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി ആളുകള്‍ക്ക് താല്പര്യമുണ്ടോയെന്ന് അറിഞ്ഞ ശേഷമേ മറ്റുള്ളവ ആരംഭിക്കുകയുള്ളൂ-ജിജി പറഞ്ഞു.
സേവനങ്ങൾ നിരവധി
ആധാര്‍ സേവ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ധാരാളമാണ്. പുതിയ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം. നിലവിലെ ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, മൊബൈല്‍ നന്പര്, ഇ-മെയില്‍ വിലാസം, ജനന തീയതി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കല്‍, തിരുത്തല്‍, ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും പുതുക്കാം. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനുമുള്ള സേവനം എന്നിവ ലഭ്യമാകും.
പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, 5, 15 വയസുകളിലെ ബയോമെട്രിക് പുതുക്കല്‍ എന്നിവ സൗജന്യമായി ചെയ്തു നല്‍കും. മറ്റു സേവനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ് മാത്രം ഈടാക്കുന്നുള്ളൂ.
വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്. കൂടാതെ കൃത്യമായ കോവിഡ് 19 മുന്‍കരുതലുകളും ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593009527.