മഞ്ചേരി : ഫേസ്ബുക്ക് വഴി നിരന്തരം മത, സാമുദായിക വിദ്വേഷവും വർഗീയതയും ഉണ്ടാക്കുന്ന രീതിയൽ പരാമർശം നടത്തിയെന്ന കേസിൽ മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്കറി (47) നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കു വഴി നിരന്തരം തീവ്ര മത വർഗീയ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ മാസങ്ങളായി ഇയാൾ രഹസ്യപോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വർഗീയ പരാമർശങ്ങൾക്കു പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാൾ പ്രചരിപ്പിച്ചതായി കണ്ടെത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്ഐ ഇ.ആർ ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എസ് മധു റിമാൻഡ്് ചെയ്തു.
ഭീകര സംഘടനയായ ഐഎസിനെ പ്രകീർത്തിച്ചും ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചതു തെളിവില്ലാതെയാണെന്നാണ് സന്ദേശങ്ങൾ പ്രചരിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമെ മുംബൈ ഭീകരണാക്രമത്തിൽ അജ്മൽ ഖസ്ബയെ തൂക്കിലേറ്റിയതിനെതിരേ ഇയാൾ മുന്പു പോസ്റ്റിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഘടനകളുടെ സന്ദേശങ്ങളും മറ്റും ഇയാൾക്കു ലഭിക്കുന്നതിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ ഇന്നു അപേക്ഷ നൽകുമെന്നു എസ്ഐ അറിയിച്ചു.