ചെറുപുഴ: കോലുവള്ളിക്ക് സമീപം കിണറ്റിൽ കണ്ടത് മനുഷ്യന്റെ അസ്ഥികൂടം.
അസ്ഥികൂടമെന്ന സംശയത്തെതുടർന്ന് കിണറ്റിലെ വെള്ളം വറ്റിച്ചപ്പോഴാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഒപ്പം ചെരിപ്പും ഷർട്ടും കണ്ടെത്തിയിട്ടുണ്ട്.
ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം വറ്റിച്ചതിനു ശേഷം ചെളി നീക്കം ചെയ്തപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
കള്ളപ്പാത്തി റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
രണ്ട് മാസം മുൻപ് അടയ്ക്ക ശേഖരിക്കാൻ എത്തിയവരാണ് ഇവ ആദ്യം കണ്ടത്. എന്നാൽ ഞായറാഴ്ചയാണ് ഇവർ നാട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്നു നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
ചെറുപുഴ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ നേരം വൈകിയതിനാൽ ഇന്ന് രാവിലെയാണ് കിണറ്റിലെ വെള്ളം വറ്റിച്ചത്.
പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമീപകാലയളവിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.