രാത്രിയില്‍ സുന്ദരിയായ പെണ്‍കുട്ടി ഒറ്റയ്ക്ക് നില്ക്കുന്നു. നിങ്ങളുടെ വാഹനം അടുത്തെത്തുമ്പോള്‍ അവര്‍ കൈനീട്ടും. പെണ്‍കുട്ടി സുന്ദരിയായതിനാലും നിങ്ങള്‍ ഒറ്റയ്ക്കായതിനാലും ചിലപ്പോള്‍ വാഹനം നിര്‍ത്തി ലിഫ്റ്റ് കൊടുത്തേക്കാം. എങ്കില്‍ സൂക്ഷിച്ചോ, ചിലപ്പോള്‍ നിങ്ങള്‍ മരണത്തിനാകും ലിഫ്റ്റ് നല്‍കുന്നത്. പറഞ്ഞുവരുന്നത് മൈസൂരു ദേശീയ പാതയില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്. എന്നുവച്ചാല്‍ കേരളത്തിന് പുറത്തുമാത്രമല്ല, കൊച്ചിയടക്കമുള്ള സിറ്റികളിലും സമാന സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് മൈസൂരു ദേശീയപാതയില്‍ മലയാളികളുടെ വാഹനങ്ങള്‍ ഇങ്ങനെ കൊള്ളയടിക്കപ്പെട്ടത്. കേരള തമിഴ്നാട് രജിസ്ട്രേഷന് വാഹനങ്ങള്‍ ലക്ഷ്യമിട്ടു കവര്‍ച്ച പതിവാക്കിയ സംഘത്തിലെ 15 പേരെയാണ് കഴിഞ്ഞ ദിവസം മണ്ഡ്യ ശ്രീരംഗപട്ടണ റൂറല്‍ പൊലീസ് പിടികൂടിയത്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. മൈസൂരു സ്വദേശിനി ഖുശി, ബെംഗളൂരു സ്വദേശിനി പ്രേമ എന്നിവരെ ഉപയോഗിച്ചാണ് സംഘം കവര്‍ച്ച നടത്തിയിരുന്നത്. ദേശീയപാതയില്‍ വിജനമായ സ്ഥലത്തു തമ്പടിക്കുന്ന സംഘം യുവതികളെ ഉപയോഗിച്ചു ലിഫ്റ്റ് ചോദിക്കാനെന്ന വ്യാജേന വാഹനം നിര്‍ത്തിക്കും. ഉടന്‍ തന്നെ മറ്റുള്ളവര്‍ വാഹനം വളഞ്ഞ് ്രൈഡവറെ ആക്രമിച്ച് പണം, ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, വാച്ചുകള്‍ എന്നിവയെല്ലാം തട്ടിയെടുക്കും. ഇവരുടെ വാഹനത്തില്‍നിന്നു മുളകുപൊടി–കുരുമുളകുപൊടി പായ്ക്കറ്റുകള്‍, തോക്ക്, 18 തിരകള്‍, മാരകായുധങ്ങള്‍ എന്നിവയും കണ്ടെടുത്തു.
വിലകൂടിയ കേരള–തമിഴ്നാട് റജിസ്ട്രേഷന് വാഹനങ്ങള്‍ നോട്ടമിട്ടായിരുന്നു കൂടുതല്‍ കവര്‍ച്ചയും. സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്ന ഒരു സംഘം ഈ വര്‍ഷമാദ്യം മൈസൂരുവിലെ ഉദയഗിരിയില്‍ പിടിയിലായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരാണ് അന്ന് അറസ്റ്റിലായത്. തുടര്‍ന്ന് ഹൈവേയില്‍ അപരിചിതര്‍ക്കു ലിഫ്റ്റ് കൊടുക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലും സമാനരീതിയിലുള്ള ആക്രമണങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന സംഭവങ്ങളില്‍ പക്ഷേ പോലീസില്‍ പരാതിയെത്തിയിരുന്നില്ല. സ്ത്രീകള്‍ക്ക് ലിഫ്റ്റ് നല്കിയിട്ടായതിനാല് പലരും പരാതിപ്പെട്ടിരുന്നില്ല.