കാക്കിയ്ക്കുള്ളിലെ കാരുണ്യം എന്ന് പറയാറില്ലേ. ഈ ചൊല്ലിനെ സാധൂകരിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ കേള്‍ക്കുന്നവരുടെ മനസ് നിറച്ചുകൊണ്ടിരിക്കുന്നത്. സിനിമാക്കഥയെപ്പോലും വെല്ലുന്ന ആ സംഭവമിങ്ങനെ..ഡ്രൈവറായിരുന്ന സര്‍ദാര്‍ മാന്‍സിംഗ് പാതിരാത്രിയാണ് തന്റെ ട്രക്ക് ഓടിച്ചുകൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടത്. അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര.
നാളുകളായി സ്വരൂപിച്ച് കൂട്ടിയ 80,000 രൂപയുമുണ്ടായിരുന്നു മാന്‍സിംഗിന്റെ കയ്യില്‍. അമ്മയും ഭാര്യയും മൂന്നുമക്കളും മൂന്നുമാസമായി സര്‍ദാറിനെ കാത്തിരിക്കുകയാണ്. പലയിടത്തും പലസമയത്തും ആ ട്രക്കുമായി പോയിട്ടുണ്ടെങ്കിലും പരിചയമില്ലാത്ത റോഡിലൂടെ അസമയത്തുള്ള ആ യാത്രയില്‍ അദ്ദേഹത്തിന് വഴിതെറ്റി. ആളൊഴിഞ്ഞ റോഡ് വഴി ഏറെ നേരം യാത്ര ചെയ്ത ശേഷമാണ് തനിക്ക് വഴി തെറ്റിപ്പോയ കാര്യം അദ്ദേഹം മനസ്സിലാക്കിയത്.
വഴിയില്‍ കണ്ട രണ്ടുപേരോട് വീട്ടിലേക്കുള്ള വഴി ചോദിക്കാമെന്ന് കരുതി ട്രക്ക് നിര്‍ത്തുമ്പോള്‍ അദ്ദേഹം ആലോചിച്ചിരിക്കില്ല, അവര്‍ കൊള്ളക്കാരായിരിക്കുമെന്ന്. മാന്‍സിംഗിനെ സഹായിക്കുന്നതിന് പകരം ആ രണ്ട് കൊള്ളക്കാരും അദ്ദേഹത്തിന്റെ പണവും മറ്റ് സാധനങ്ങളും അപഹരിച്ചു.
പ്രതിരോധിക്കാന്‍ ശ്രമിച്ച സര്‍ദാര്‍ മാന്‍സിംഗിനെ ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റെങ്കിലും ഉടനെ ആശുപത്രിയിലെത്താനായി അദ്ദേഹം ട്രക്ക് എടുത്ത് ഡ്രൈവ് ചെയ്തെങ്കിലും വഴിയില്‍ ചോരവാര്‍ന്ന് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ ദര്സന് കൗര്‍, മക്കളായ ബല്‍ജീത് കൗര്‍, ജസ്മീത്, അസ്മിത് എന്നിവര്‍ പിറ്റേന്നാണ് കൊലപാതക വിവരം അറിഞ്ഞത്.
എന്നാല്‍ ദൈവത്തിന്റെ ഇടപെടല്‍ പോലെ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്ന ആ അമ്മയ്ക്കും മക്കള്‍ക്കും ആശ്വാസവുമായി ഒരു ഫോണ്‍ കോളെത്തി. വിളിച്ചത് ഡല്‍ഹിയിലെ ഡിസിപി ആയിരുന്ന അസ്ലം ഖാന്. ഭക്ഷണത്തിന് പോലും എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്ക്കുമ്പോള്, എങ്ങനെ പഠനം തുടരും, ഫീസ് എങ്ങനെ നല്‍കും എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുമ്പോഴാണ് അവരെ തേടി ആ ഐപിഎസ് ഉദ്യോഗസ്ഥ വന്നത്.
എല്ലാ മാസവും ആ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് തന്റെ ശമ്പളത്തിന്റെ പകുതി അയയ്ക്കുമെന്ന് അറിയിക്കാനായിരുന്നു അസ്ലം ഖാന് വിളിച്ചത്. സര്‍ക്കാര്‍ സഹായത്തിനായി എന്തെങ്കിലും ചെയ്യാന്‍ താന്‍ ശ്രമിക്കാമെന്നും അവര്‍ ആ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് എല്ലാ മാസവും ഐപിഎസ് ഓഫീസറായ അസ്ലം ഖാന്റെ ശമ്പളത്തിന്റെ പകുതി അവകാശികള്‍ ഈ കുട്ടികളും അവരുടെ അമ്മയുമാണ്. മൂന്നുദിവസത്തിലൊരിക്കല്‍ വിളിച്ച് ഇവരുടെ വിവരങ്ങള്‍ അറിയാനും അസ്ലം ഖാന് മറക്കാറില്ല.
ഞങ്ങള്‍ അവരെ കണ്ടിട്ട് പോലുമില്ല, മിക്ക ദിവസങ്ങളിലും അവര്‍ വിളിച്ച് സംസാരിക്കാറുണ്ട്. ഞങ്ങളുടെ പഠനത്തെ കുറിച്ചാണ് അവര്‍ എപ്പോഴും അന്വേഷിക്കാറുള്ളത്. ജമ്മുവിലെ ഒരു നല്ല സ്കൂളില്‍ അനിയന് പ്രവേശനം നോക്കാമെന്നും മാഡം പറഞ്ഞിട്ടുണ്ട്. എനിക്കും മാഡത്തെ പോലെ ഒരു ഐപിഎസ് ഓഫീസറായി ഡല്‍ഹിയില്‍ ജോലി ചെയ്യണം” -മാന്‍സിംഗിന്റെ മകള്‍ ബല്‍ജീത് പറയുന്നു