പക വീട്ടാനുള്ളതാണ്! യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലയെ ന്യായീകരിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രചരണം, നേതൃത്വം നല്കുന്നത് സിപിഎം അനുകൂല ഫേസ്ബുക്ക് പേജുകള്‍

crime1കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്‌ലം (24) കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചും വെല്ലുവിളിച്ചും സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രചരണം. തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതേ വിട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍അസ്്‌ലമിനെ വെള്ളിയാഴ്ച്ചയാണ് വെട്ടിക്കൊലപ്പെടുത്തിയത്. “”ഷിബിന്‍ വധക്കേസില്‍ നീതി നടപ്പായി”.. “”ഷിബിനിന്റെ അമ്മയുടെ കണ്ണീരിനു മറുപടി” …. തുടങ്ങിയ രീതിയിലുള്ള പോസ്റ്റുകള്‍ നിരവധി ഫേസ്ബുക്ക് പേജുകളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

അസ്്‌ലമിനു വെട്ടേറ്റതിനു തൊട്ടുപിന്നാലെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. പ്രകോപനം സൃഷ്ടിക്കുന്ന വിധത്തിലും ഭീഷണിയുടെ സ്വരത്തിലുമുള്ള പോസ്റ്റുകളും മെസേജുകളും വ്യാപകമാണ്. സിപിഎം അനുകൂല നിലപാടുകള്‍ പ്രത്യക്ഷപ്പെടാറുള്ള അനൗദ്യോഗിക ഫാന്‍സ് പേജുകളിലാണ് ഫേസ് ബുക്കിലെ പോസ്റ്റുകളേറെയും.

അസ്്‌ലമിനു വെട്ടേറ്റ് മണിക്കൂറുകള്‍ക്കകം നാദാപുരം മേഖലയിലെ പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ചുവന്ന നിറത്തിലൂള്ള മധുരപലഹാരങ്ങളുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് “”പക വീട്ടാനുള്ളതാണ്, കോടതി വെറുതെവിട്ടാലും ജനകീയ കോടതി നീതി നടപ്പാക്കും, എത്ര ഒളിച്ചാലും രക്ഷപ്പെടാനാകില്ല-ഇതു സഖാക്കളുടെ വാക്ക്, ഷിബിനിനെ കൊന്ന മൂരിക്കു പണികിട്ടി, നീതി നടപ്പാക്കിയ ധീരന്മാര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍” തുടങ്ങിയ വാചകങ്ങളടങ്ങിയ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചത്. മിക്കതിലും ഷിബിനിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

crime2

“”പാടത്തെ പണിക്കു വരമ്പത്തു കൂലി കിട്ടിബോധിച്ചു”… എന്ന് അസ്്‌ലമിന്റെ ചിത്രമടക്കമുള്ള പോസ്റ്റും പരക്കെ പ്രചരിച്ചിട്ടുണ്ട്. കൊലപാതകത്തെ ന്യായീകരിക്കുകയല്ല മറിച്ച് നീതിക്കുവേണ്ടി ശബ്ദിക്കുകയാണെന്നും ചില പോസ്റ്റുകളില്‍ പറയുന്നുണ്ട്. അതേസമയം, പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചു നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം ഷിബിന്‍ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളുടെ ചിത്രം വച്ചുകൊണ്ട് അടുത്തതായി കൊല്ലപ്പെടുന്നത് നിങ്ങളാണെന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്. സഭ്യമല്ലാത്ത രീതിയിലുള്ള കൊലവിളികളാണ് നടക്കുന്നത്. കൊല ചെയ്യപ്പെട്ട അസ്‌ലാമിനെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ കൊലപ്പെടുത്തിയെന്ന തരത്തിലുള്ള പ്രചരണവും ശക്തമാണ്.

Related posts