കൊല്ലം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസുള്ള ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ഏപ്രില്‍ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.
ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു.
പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു.
ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു.
രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് അസ്മ ബീവി ആശുപത്രി വിട്ടത്. 105 വയസിലും ഇവർ അസാമാന്യ മനോബലമാണ് പ്രകടമാക്കിയിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. അതിജീവനത്തിന്റെ വലിയ പാഠമാണ് ഈ വയോധിക എല്ലാവർക്കും നൽകുന്നത്.