കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പലരും കരിന്പൂച്ചയുടെ കൈയിൽനിന്ന് അണ്ണാൻകുഞ്ഞിനെ രക്ഷിക്കാതെ ഫോട്ടോ എടുക്കാൻ പോയ ഫോട്ടോഗ്രാഫറെ പഴിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്.
എന്നാൽ സത്യകഥ അതല്ല. മഴയത്ത് അമ്മയേയും കൂടുമൊക്കെ നഷ്ടപ്പെട്ട നാല് അണ്ണാൻ കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തുകയാണ് പുഷ എന്ന ഈ കരിന്പൂച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുഷയുടെ സംരക്ഷണത്തിലാണ് ഈ അണ്ണാൻ കുഞ്ഞുങ്ങൾ വളരുന്നത്.
തന്റെ കുഞ്ഞുങ്ങൾക്കൊപ്പം അണ്ണാൻ കുഞ്ഞിനും പുഷ പാൽ കൊടുക്കും. അണ്ണാൻ കുഞ്ഞിന്റെ ഉറക്കവും കളിയുമൊക്കെ പുഷയോടൊപ്പമാണ്. ക്രിമിയയിലെ ബാക്ചിസറി എന്ന ഗ്രാമത്തിലെ ഒരു മൃഗശാലയിൽനിന്ന്് അലക്സ് പാലിഷാക് എന്ന ഫോട്ടോഗ്രാഫർ പകർത്തിയതാണ് ഈ അപൂർവ ചങ്ങാത്തത്തിന്റെ ചിത്രം.