ചിലരുടെ കാര്യത്തില്‍ അങ്ങനെയാണ്. കാലം കാത്ത് വയ്ക്കും, ചില ചരിത്ര നിയോഗങ്ങള്‍ക്കായി. അത്തരത്തില്‍ കാലം കാത്തു വച്ചിരുന്ന ഒരു വ്യക്തിയാണ് മനയഘട്ടിലെ ബോട്ടുകാരനായ അശോക് സാഹ്നി എന്ന വ്യക്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ കരുത്തയായ ഇന്ദിരാഗാന്ധിയുടെയും കൊച്ചുമകള്‍ പ്രിയങ്കയുടെയും ബോട്ട് തുഴയാനുള്ള അപൂര്‍വ അവസരമാണ് അശോകിന് ലഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ബോട്ട് യാത്രയുടെ അമരക്കാരനായത് അശോകാണ്. ഇതിന് മുന്‍പ് 1977-ലാണ് ഇന്ദിരാഗാന്ധിയേയും തന്റെ ബോട്ടില്‍ കൊണ്ടുപോയതെന്ന് അശോക് സാഹ്നി പറയുന്നു.
ഇന്ദിരയെ കൊണ്ടുപോകുമ്പോള്‍ തന്റെ പ്രായം 18 ആയിരുന്നുവെന്നും ഇപ്പോള്‍ അഞ്ച് മക്കളുടെ പിതാവാണ് താനെന്നും അശോക് അറിയിച്ചു. ശ്രീരാമനെ കടത്തിയത് ഞങ്ങളുടെ കുടുംബമാണെന്നാണ് വിശ്വാസം, ശ്രീരാമനെ കൊണ്ടുപോയത് പോലെയാണ് പ്രിയങ്കയേയും കൊണ്ടുപോയതെന്നും അശോക് സാഹ്നി പറയുന്നു. ഇത്തവണ മകനും കൂടിയുണ്ടായിരുന്നു, തന്റെ ഒപ്പം എന്നത് മാത്രമാണ് വ്യത്യാസം.