കൊച്ചി: സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖലയല്ല സിനിമയെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ നടത്തിയവർക്ക് നിയമപരമായി ശിക്ഷ നൽകണം. സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക ഇതാണ് തന്റെ രീതിയെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ.
എത്ര വലിയ ഉന്നതിയിലുള്ളവരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത നടപടിതന്നെ സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ. ജൂനിയർ ആർട്ടിസ്റ്റുമാർ മുതൽ മുൻനിര താരങ്ങൾവരെ ലൈംഗികപീഡനങ്ങളടക്കം മാധ്യമങ്ങൾക്കുമുന്നിലും സമൂഹമാധ്യമങ്ങളിലുമായി പങ്കുവയ്ക്കുന്നത് സർക്കാരിന്റെ ഈ വിശ്വാസ്യതയെ മുൻനിർത്തിയാണ്.