കൊച്ചി: അഖിഖയെ ഹാദിയയാക്കിയത് യമനിലേക്ക് കടത്താനെന്ന വാദവുമായി അച്ഛന് അശോകന്.താന്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് മകള്‍ ഇപ്പോഴും ഇന്ത്യയില്‍ കഴിയുന്നത്. കൂട്ടുകാരിയായ അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഹാദിയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അശോകന് പറയുന്നു. ഫാസില്‍ മുസ്തഫ ഷെറിന് ഷഹാന ദമ്പതികളും ആയി അഖില ബന്ധത്തെ കുറിച്ചുള്ള എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്ന് ആവശ്യം. കേരള പൊലീസിന്റെ ഓപ്പറേഷന് പീജിയന്‍ലൂടെ 350 പേരെ ഐഎസില്‍ ചേരുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചു എന്നും അശോകന് വ്യക്തമാക്കി.
ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത് പുതിയ സത്യവാങ് മൂലത്തില്‍ ആണ് തന്റെ മകളെ യെമനിലേക്ക് കൊണ്ട് പോകാന്‍ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് അശോകന് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില് നിന്ന് സമീപകാലത്ത് ആണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തില്‍ അശോകന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകള്‍ അഖില (ഹാദിയ) 2015 ല്‍ മലപ്പുറം സ്വദേശി ആയ ഷാനിബും ആയി നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ട ആകുന്നത് എന്ന് അശോകന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.
ഷാനിബ് തന്റെ മൂത്ത സഹോദരി ആയ ഷെറിന് ഷഹാനയെ അഖിലയ്ക്ക് പരിചയെപ്പെടുത്തി. ഷെറിന് ഷഹാന ഫാസില്‍ മുസ്തഫയുടെ ഭാര്യ ആണ്. ഈ ദമ്പതികളും ആയുള്ള പരിചയത്തിന് ഇടയില്‍ ഫാസില്‍ മുസ്തഫ അഖിലയ്ക്ക് രണ്ട് വാഗ്ദാനങ്ങള്‍ നല്കി. യെമനിലേക്ക് ഒരു യാത്രയും, തന്റെ രണ്ടാം ഭാര്യ പദവിയും.ഇതിനിടെ ഫാസില്‍ മുസ്തഫയും ഷെറിന് ഷഹാനയും അഖിലയെ എറണാകുളത്തേക്ക് കൊണ്ട് പോയി. അഖില മുസ്ലിം മതത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകളില്‍ നിന്ന് ആസിയ എന്ന പേര് ഈ ദമ്പതികള്‍ അഖിലയ്ക്ക് (ഹാദിയ) തെരെഞ്ഞെടുത്തു എന്നും അശോകന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ അടുത്ത സുഹൃത്തും സ്കൂളിലെ സഹപാഠിയും ആയ അമ്പിളിയോട് അഖില (ഹാദിയ) ഫാസില്‍ മുസ്തഫയും ആയുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. മുസ്ലിം ആയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യ ആകുന്നതില്‍ നിന്ന് അഖിലയെ അമ്പിളി പിന്തിരിപ്പിച്ചു. ഇതോടെ ഫാസില്‍ മുസ്തഫയും ആയുള്ള വിവാഹത്തില്‍ നിന്ന് അഖില പിന്മാറി. ഇതേ തുടര്‍ന്ന് അഖിലയെ യെമനിലേക്ക് കൊണ്ട് പോകാന്‍ ഉള്ള പദ്ധതി ഫാസില്‍ മുസ്തഫയും ഷെറിന് ഷഹാനയും ഉപേക്ഷിച്ചു. പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നതായും, ഈ കണ്ടെത്തലുകള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അശോകന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഷെറിന് ഷഹാന മംഗലാപുരത്ത് എത്തുക ആണെങ്കില്‍ യെമനിലേക്ക് കൊണ്ട് പോകാം എന്ന വാഗ്ദാനം നല്‍കിയിരുന്നതായി കേരള പൊലീസ് കണ്ടെത്തിയിരുന്നു. യെമനിലേക്ക് കൊണ്ട് പോകാന്‍ ഫാസില്‍ മുസ്തഫയും ഭാര്യ ഷെറിന് ഷഹാനയും നടത്തിയ ശ്രമങ്ങളെ സംബന്ധിച്ച് കേരള പൊലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുമ്പ് തന്നോട് നടത്തിയ രണ്ടു ടെലിഫോണ്‍ സംഭാഷണങ്ങളില്‍ സിറിയയില്‍ ആടുമേയ്ക്കാന്‍ പോകുന്നതിലുള്ള താത്പര്യം അഖില അറിയിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം ഷെഫിന് ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ വായിച്ച് കോടതിയെ തെറ്റ് ധരിപ്പിക്കാന്‍ ഉള്ള ശ്രമം നടന്നു. അതേസമയം ഈ ടെലിഫോണ്‍ സംഭാഷണത്തെയോ, സിറിയയില്‍ പോകാന്‍ ഉള്ള പദ്ധതിയെയോ അഖില നിഷേധിച്ചിട്ടില്ല എന്നും അശോകന് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് ശേഷം മസ്കറ്റിലേക്ക് ഷെഫിന് ജഹാന് തന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചതും ഹാദിയ നിഷേധിച്ചിട്ടില്ല. ഹൈക്കോടതി ഷെഫിന് ജഹാന്റെ ഈ ശ്രമങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല എങ്കില്‍ ഇതിനോടകം തന്നെ മകളെ വിദേശത്തേക്ക് കടത്തുമായിരുന്നു എന്നും അശോകന് സത്യവാങ്മൂലത്തില്‍ പറയുന്നു.