പാര്‍മ: ഫാബിയോ ക്വാഗ്ലിയാറെലയുടെ ഇരട്ട ഗോളില്‍ യൂറോ 2020 ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇറ്റലിക്കു തുടര്‍ച്ചയായ രണ്ടാം ജയം. ലോക ഫുട്ബോളിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഇറ്റലി എതിരില്ലാത്ത ആറു ഗോളിന് ലിക്റ്റന്‍സ്റ്റൈനെ തോല്‍പ്പിച്ചു. 36 വയസുള്ള ക്വാഗ്ലിയാറെല ഇറ്റലിക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനായി.
ആദ്യ പകുതിയില്‍ താരം നേടിയ രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു. 19 വയസുള്ള മോയിസ് കീന്‍ തന്റെ മൂന്നാം അന്താരാഷ് ട്ര മത്സരത്തിലും വലകുലുക്കി. സ്റ്റെഫാനോ സെന്‍സി, മാര്‍കോ വെറാട്ടി, ലിയനാര്‍ഡോ പാവൊലെട്ടി എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍തന്നെ നാലു ഗോളുമായി ഇറ്റലി മത്സരം പിടിച്ചെടുത്തു.ഗ്രൂപ്പ് ജെയില്‍ തുടര്‍ച്ചയായി രണ്ടു ജയമുള്ള ഇറ്റലി ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിക്റ്റന്‍സ്റ്റൈന്റെ ഡാനിയല്‍ കോഫ്മാന് ഗോള്‍ ലൈനില്‍ വരുത്തിയ ഹാന്‍ഡ് ബോളില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് സന്ദര്‍ശകര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഇറ്റലിയുടെ മധ്യനിരയില്‍ വെറാട്ടിയും ക്വാഗ്ലിയാറെലയും നിയന്ത്രണം പിടിച്ചു.
17-ാം മിനിറ്റില്‍ അസൂറികള്‍ ആദ്യ ഗോള്‍ നേടി. ഇടതുവശത്തു ലിയനാര്‍ഡോ സ്പിനാസോലയുടെ ക്രോസില്‍നിന്ന് സെന്‍സിയുടെ ഹെഡര്‍ വലയില്‍ കയറി. 32-ാം മിനിറ്റില്‍ വെറാട്ടിയുടെ തകര്‍പ്പന്‍ ഷോട്ട് ഇറ്റലിയുടെ ലീഡ് ഉയര്‍ത്തി. നികോളസ് ഹാസ് ലറുടെ ഹാന്‍ഡ്ബോളാണ് സ്പോട്കിക്കിനു കാരണമായത്. ക്വാഗ്ലിയാറെലയുടെ അടുത്ത ഗോള്‍ കോഫ്മാന് ഗോള്‍ലൈനില്‍വച്ച് നടത്തിയ ഹാന്‍ഡ്ബോളിനായിരുന്നു.
ആദ്യ പകുതിയില്‍ മങ്ങിപ്പോയ കീന്‍ 69-ാം മിനിറ്റില്‍ ഹെഡറിലൂടെ ഇറ്റലിയുടെ അഞ്ചാം ഗോള്‍ നേടി. ഇറ്റലിയുടെ ആറാം ഗോള്‍ പകരക്കാരായി ഇറങ്ങിയ പാവൊലെറ്റിയുടെ വകയായിരുന്നു. പാവൊലെറ്റിയുടെ അരങ്ങേറ്റ മത്സരമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രണ്ടു ഗോളിനു പിന്നില്‍നിന്ന ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ഗ്രീസുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു. ഫിന്‍ലന്‍ഡ് 2-0ന് അര്‍മേനിയയെ തോല്‍പ്പിച്ചു.