മണ്ണാർക്കാട്: ദേശീയപാത നിർമ്മാണ പ്രശ്നങ്ങൾക്ക് പരിഹാരം തേടി താലൂക്ക് വികസന സമിതി യോഗം ചേർന്നു. നിർമാണം വേഗത്തിലാക്കാൻ എഎസ്പി പട്ടയ ഉടമകളുമായി ഏഴിന് ചർച്ച നടത്തുവാൻ തീരുമാനമായി. നഗരപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പലയിടത്തും വഴിമുട്ടുന്ന സാഹചര്യത്തിലാണ് വികസന സമിതി അംഗങ്ങൾ താലൂക്ക് സഭയിൽ റവന്യു വകുപ്പിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.
നഗരത്തിലെ അഴുക്കുചാലിന്റെ മുടങ്ങി കിടക്കുന്ന സ്ഥലങ്ങളിലുള്ള നിർമ്മാണം നിലവിലെ അലൈൻമെന്റനുസരിച്ച് തുടരണമെന്ന് വികസന സമിതി അംഗം പി.ആർ.സുരേഷ് പറഞ്ഞു.ഇതിന് എ എസ് പി പട്ടയങ്ങളെ വിലങ്ങുതടിയാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗര പാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുടെ നടത്തിപ്പിൽ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് സി പി ഐ നേതാവ് പി.മണികണ്ഠൻ പറഞ്ഞു.
ഇതിലെ പാകപിഴകൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരുടെ പരിമിതിക്കപ്പുറം വികസന സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്കിലെ കാർഷിക പ്രദേശങ്ങളിൽ വ്യാപകമായി മണ്ണു നികത്തുന്നതായി ജില്ലാ പഞ്ചായത്തംഗം സി.അച്ചുതൻ പറഞ്ഞു.
ഇതിനെതിരെ ഉദ്യോഗസ്ഥരുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാ കൊണ്ടാണെന്നുംഅച്ചുതൻ പറഞ്ഞു. മണ്ണാർക്കാട് പൂരാഘോഷം നടത്തുന്ന കുന്തിപ്പുഴ ആറാട്ടുകടവിൽ ഉണ്ടായ അനധികൃത കയ്യേറ്റം സംബന്ധിച്ച് ആറിന് സബ് കലക്ടറുടെ ചർച്ചയിൽ തീരുമാനമാകാത്ത പക്ഷം ഇപ്പോൾ ലഭ്യമായ സർവേ ടീമിനെ വച്ച് കുന്തിപ്പുഴയോരത്തു നിന്നും ആദ്യ സർവേ നടപടികൾ ആരംഭിക്കുവാൻ സഭ തീരുമാനിച്ചു.
എ എസ് പി പട്ടയ സ്ഥലത്ത് അരികു ചാൽ നിർമ്മാണം ഭൂവുടമകൾ തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ വികസന സമിതി അംഗങ്ങൾ ഏഴിന് ജില്ലാ കലക്ടറെ കണ്ട് ചർച്ച നടത്തും.