തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ പ്രകാശും സംഘവുമാണെന്ന് സംഭവം നടന്ന് നാലു വർഷത്തിനുശേഷം പ്രകാശിന്റെ സഹോദരന്റെ വെളിപ്പെടുത്തൽ.
ആശ്രമം സ്ഥിതി ചെയ്യുന്ന കുണ്ടമൺകടവിൽ തന്നെയായിരുന്നു പ്രകാശും താമസിച്ചിരുന്നത്. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇപ്പോൾ ഒരു ചാനലിൽ ആശ്രമം കത്തിച്ചത് തന്റെ സഹോദരനാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം പ്രകാശിനെ ചില സുഹൃത്തുക്കൾ മർദിച്ചിരുന്നുവെന്ന് പ്രശാന്ത് പറയുന്നു.
പ്രകാശിന്റെ മരണത്തിലും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ.
പ്രകാശിന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെ പ്രകാശ് ആകെ അസ്വസ്ഥനായെന്നും സഹോദരൻ പറയുന്നു.
പ്രകാശും കുണ്ടമൺ കടവിലെ ചിലരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് പ്രകാശ് പറഞ്ഞുവെന്നും പ്രശാന്ത് പറയുന്നു.
2018 ഒക്ടോബർ 27ന് ആണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീപിടിച്ചത്. ചില വാഹനങ്ങൾ കത്തി നശിച്ചിരുന്നു.
മുഖ്യമന്ത്രി അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് എത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും നാലുവർഷം കഴിഞ്ഞിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തതിന്റെ പേരിൽ പോലീസ് വിമർശനം നേരിട്ടിരുന്നു.
സിറ്റി പോലീസിന്റെ പ്രത്യേക സംഘം ആണ് ആദ്യം അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.
ആദ്യമേഉറപ്പുണ്ടായിരുന്നു: സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ഈ പരിസരത്ത് ഉള്ളവരാണ് തീവച്ചതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നുവെന്ന് സന്ദീപാനന്ദഗിരി. അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്.
പ്രതിയായ ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം.
കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.